Monday, January 11, 2021

വ്യതിരിക്തമായ സൃഷ്ടിപ്പ്

നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍, അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു. അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (ഖുർ‌ആൻ 79: 27-28)

വിശുദ്ധ ഖുർ‌ആനിൽ ഇങ്ങനെ പ്രപഞ്ച സൃഷ്ടിപ്പും അതിലെ ഓരോന്നും സംവിധാനിച്ചതിനെ കുറിച്ചും ഏറെ കണാൻ സാധിക്കുന്നു. അത്തരം ആയത്തുകളുടെ വിവക്ഷ, സൃഷ്ടാവായ ദൈവത്തെ കണ്ടെത്തുക എന്നതാണ്. “നിങ്ങൾ ആലോചിക്കുന്നതിനു വേണ്ടി”, “നിങ്ങൾ ചിന്തിക്കുന്നില്ലെ” തുടങ്ങിയ പ്രയോഗങ്ങൾ ഖുർആനിൽ ഏറെ കാണാം, അവ മനുഷ്യന്റെ ചിന്തയെ തൊട്ടുണർത്താനാണ്.

സൃഷ്ടിക്കുകയും പരിപാലിക്കുകയുമാണ് ദൈവത്തിന്റെ ഒരു പ്രധാന ഗുണം. വിശ്വാസത്തിന്റെ കാതലായ തൌഹീദിനെ മൂന്നായി ആണ് വിഭജിച്ചിട്ടുള്ളത്, തൗഹീദുൽ റുബൂബിയ്യ (രക്ഷാകർതൃത്വത്തിലുള്ള ഏകത്വം), തൗഹീദുൽ ഉലൂഹിയ്യ (ആരാധനയിലെ ഏകത്വം), തൗഹീദുൽ അസ്മാഇ വസ്വിഫാത് (നാമ വിശേഷണങ്ങളിലെ ഏകത്വം). 

തൗഹീദുൽ റുബൂബിയ്യ: സൃഷ്ടിക്കുകയും സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ഉപജീവനം നൽകുകയുമെല്ലാം ചെയ്യുന്നത് അല്ലാഹുവാണ്‌. അതിൽ അവന്‌ യാതൊരു പങ്കുകാരുമില്ല അഥവാ, സൃഷ്ടികളിൽ ആർക്കും അതിന്‌ കഴിവില്ല എന്ന് ദൃഢമായി വിശ്വസിക്കലാണ്‌ തൗഹീദിന്റെ ഈ ഭാഗം. ലോകത്ത് ബഹുദൈവാരാധകരടക്കം ഭൂരിഭാഗം ജനങ്ങളും അംഗീകരിക്കുന്ന കാര്യമാണിത്.

തൌഹീദിന്റെ ഒരു ഗുണമായ “തൌഹീദുൽ റുബൂവിയ്യത്” വിശുദ്ധ ഖുർ‌ആനിലെ ആദ്യത്തെ അദ്ധ്യായത്തിലെ ആദ്യത്തെ ആയത്ത് “സർവ്വ സ്തുതിയും ലോകങ്ങളുടെ സൃഷ്ടാവിനാകുന്നു” എന്നാണ്. 

ഒരു ആശയത്തെ വികസിപ്പിച്ച് മനുഷ്യൻ പല കണ്ടെത്തലുകളും നടത്തുന്നു. അവയെല്ലാം തന്നെ നിലവിലെ സൃഷ്ടിക്കപെട്ടവ കൊണ്ട് രൂപപെടുത്തുന്നതും നിലവിലെ ചില മാതൃകകൾക്കനുസരിച്ചുമാണ്. എന്നാൽ സൃഷ്ടാവിന്റെ സൃഷ്ടിപ്പിലെ പ്രധാന പ്രത്യേകതകളിൽ “മുൻ മാതൃകയില്ലാതെ”, بَديعُ السَّماواتِ وَالأَرضِ (ഖുർആൻ2:117) “അന്യൂനമായ സൃഷ്ടിപ്പ്”, “വ്യവസ്ഥ പ്രകാരം”, “സംരക്ഷണം” തുടങ്ങിയവയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു സൃഷ്ടിപ്പ് ദൈവികമാണ്.

إِنّا كُلَّ شَيءٍ خَلَقناهُ بِقَدَرٍ തീർച്ചയായും ഏത് വസ്തുവേയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു.  (ഖുർ‌ആൻ 54:49). 

ഈ ലോകത്തുള്ള ഏതൊരൂ വസ്തുവും ഒരു വ്യവസ്ഥ പ്രകാരമാണ് എന്നത് ഈ പ്രപഞ്ചത്തിലേ ഓരോന്നിന്റെ സൃഷ്ടിപ്പിലും അതിന്റെ പ്രവർത്തനത്തിലും ഒരു വ്യവസ്ഥയുണ്ട്, ആ ഒരു വ്യവസ്ഥയാണ് പ്രകൃതി നിയമം. 

തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത്‌ ഒരു വ്യവസ്ഥപ്രകാരമാകുന്നു എന്ന ആയത്തിന്റെ തുടർച്ചയായി, അവയെങ്ങനെ സൃഷിക്കപെട്ടു എന്നുപറയുന്നു, وَما أَمرُنا إِلّا واحِدَةٌ كَلَمحٍ بِالبَصَرِ “നമ്മുടെ കല്പന ഒരൊറ്റ പ്രഖ്യാപനം മാത്രമാകുന്നു. കണ്ണിന്റെ ഒരു ഇമവെട്ടൽ പോലെ” (ഖുർ‌ആൻ 54:50) 

ആ സൃഷ്ടിക്കപെട്ടത് പിന്നീട് പല ഘട്ടങ്ങളായ് പല രൂപങ്ങൾ പ്രാപിക്കുന്നു. അതുപോലും ഒരു വ്യവസ്ഥ പ്രകാരമാകുന്നു എന്ന മുൻ‌വാക്യത്തിലൂടെ വായിക്കപെടേണ്ടതാണ്.

ഒരു ഇമവെട്ടാനുള്ള സമയം ഒരു സെകന്റിന്റെ പത്തിലൊന്നാണ്. ഒരു സകെന്റിന്റെ പത്തിലൊന്ന് സമയത്തിനുള്ളിൽ ഈ ലോകത്തുള്ള എല്ലാം രൂപപെടുത്താനാവശ്യമായതെല്ലാം സൃഷ്ടിക്കപെട്ടു!! ബിഗ് ബാംഗ് രൂപപെട്ട ഈ പ്രപഞ്ചം. ഒരു മാതൃകയില്ലാതെ, നിലവിലുള്ള ഒരു വസ്തു ഉപയോഗിച്ച് എന്നുപറയാൻ സാധിക്കാത്ത നിലയിൽ ഒന്നുമില്ലായ്‌മയിൽ നിന്നും ലോകത്തുള്ള എല്ലാം രൂപപെടാൻ അവശ്യമായതെല്ലാം സൃഷ്ടിക്കുകയും അവക്ക് ഒരു വ്യവസ്ഥയും നൽകുകയും ചെയ്തു. ബിഗ് ബാംഗിനു കാരണമായ് ഒന്നും തന്നെയില്ല. ശൂന്യത പോലുമില്ല. ശൂന്യതക്ക് ഒരു സ്പേസ് വേണം, സ്പേസും മാറ്ററും എനർജിയും സമയവും ഇല്ലാതെ, ഒന്നുമില്ലായ്മയിൽ നിന്നും ലോകങ്ങളുടെ നിർമ്മിതിയാണ് ബിഗ്‌ ബാംഗ്. 

ബിഗ് ബാംഗിനു ശേഷം പ്രധാനമായും രണ്ട് ഭാഗങ്ങളായാണ് തിരിക്കുന്നത്. അതിലെ ആദ്യത്തെ ഭാഗമാണ് പ്ലാഗ് ടൈമും ക്വാർക്കുകളുടേയും കോർക്കുകൾ വഴി ആറ്റങ്ങളുടേയും നിർമ്മിതി. അതിനെടുത്ത പ്ലാങ്ക് സമയം എന്നത് ഒരു ഇമവെട്ടുന്ന സമയത്തിനുള്ളിൽ!! ആ സമയത്തിനുള്ളിൽ സ്പേസ്, സമയം, ദ്രവ്യം (മാറ്ററും ഡാർക്ക് മാറ്ററും), ഊർജ്ജം (എനർജ്ജിയും ഡാർക്ക് എനർജ്ജിയും) എന്നിവ സൃഷ്ടിക്കപെട്ടു. ഒരു തവണതന്നെ അനേകം ബിഗ്‌ബാംഗുകൾ സംഭവിക്കുകയും അനേകം ലോകങ്ങൾ നിർമ്മിക്കപെട്ടിട്ടുണ്ടെന്നും പുതിയ ശാസ്ത്ര നിഗമനങ്ങളിൽ കാണാൻ സാധിക്കും.

ഖുർ‌ആൻ പറയുന്നത് കേൾക്കുക, ٱلَّذِى خَلَقَ سَبْعَ سَمَٰوَٰتٍۢ طِبَاقًۭا ۖ مَّا تَرَىٰ فِى خَلْقِ ٱلرَّحْمَٰنِ مِن تَفَٰوُتٍۢ ۖ فَٱرْجِعِ ٱلْبَصَرَ هَلْ تَرَىٰ مِن فُطُورٍۢ  ഏഴു ആകാശങ്ങളെ ഒന്നിനു മീതെ മറ്റൊന്നായി അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട്‌ വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ? (ഖുർ‌ആൻ 67:3)

أَلَمْ تَرَوْا۟ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍۢ طِبَاقًۭا  നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ്‌ അല്ലാഹു ഒന്നിനു മീതെ മറ്റൊന്നായി അടുക്കുകളായിട്ട്‌ ഏഴ്‌ ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന്‌. (ഖുർ‌ആൻ 71:15)

هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَمِيعًۭا ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ فَسَوَّىٰهُنَّ سَبْعَ سَمَٰوَٰتٍۢ ۚ وَهُوَ بِكُلِّ شَىْءٍ عَلِيمٌۭ അവനാണ്‌ നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്‌. പുറമെ ഏഴ്‌ ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട്‌ ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്‌. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (ഖുർ‌ആൻ 2:29)

تُسَبِّحُ لَهُ ٱلسَّمَٰوَٰتُ ٱلسَّبْعُ وَٱلْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُۥ كَانَ حَلِيمًا غَفُورًۭا  ഏഴ്‌ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച്‌ കൊണ്ട്‌ ( അവന്‍റെ ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖുർ‌ആൻ 17:44)

أَلَمْ تَرَوْا۟ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍۢ طِبَاقًۭا നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ്‌ അല്ലാഹു അടുക്കുകളായിട്ട്‌ ഏഴ്‌ ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന്‌. (ഖുർ‌ആൻ 7:15)

قُلْ مَن رَّبُّ ٱلسَّمَٰوَٰتِ ٱلسَّبْعِ وَرَبُّ ٱلْعَرْشِ ٱلْعَظِيمِ നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്‍റെ രക്ഷിതാവും ആരാകുന്നു? (ഖുർ‌ആൻ 23:86)

وَبَنَيْنَا فَوْقَكُمْ سَبْعًۭا شِدَادًۭا നിങ്ങള്‍ക്ക്‌ മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും (ഖുർ‌ആൻ 78:12)

സമാ‌അ് എന്നത് നമ്മുടെ ഭാഷയിൽ ആകാശം എന്നുപറയുന്നെങ്കിലും അതിനു ലോകം, പ്രപഞ്ചം  എന്നൊക്കെ അർത്ഥങ്ങളുണ്ട്. ആകാശം എന്നത് തന്നെ ഈ പ്രപഞ്ചത്തിന്റെ അതിരുകളായ് കണക്കാക്കിയാൽ ഈ പ്രപഞ്ചത്തെ മൊത്തത്തിൽ ഉൾകൊള്ളുന്നതാണ് ആകാശം. ഭൂമിയും, സൂര്യനും, സോളാർ സിസ്റ്റവും, മിൽക്കിവേയ് ഗാലക്സിയും ഗാലക്സി ക്ലസ്റ്ററുകളും അങ്ങനെ മില്ല്യൺ കണക്കിനു ഗാലക്സികൾ ചേർന്ന ഈ പ്രപഞ്ചവും ഉൾകൊള്ളുന്നതാണ് ആകാശം. അങ്ങനെ പല ആകാശങ്ങളുടെ സൃഷിപ്പിനെ കുറിച്ചാ‍ണ് മുകളിലെ ആയത്തുകളിൽ മുഴുവനും കാണാവുന്നത്. 

ഏഴ് എണ്ണമാകാം, അതല്ലെങ്കിൽ അറബി ഭാഷയിൽ അനേകം എന്നു സൂചിപ്പിക്കാൻ ഏഴ് എന്നത് ഉപയോഗിക്കാറുണ്ട്, ആ നിലയിൽ അനേകം ലോക നിർമ്മിതി ഉണ്ടായിട്ടുണ്ട് എന്നാണ് ഖുർ‌ആനിലെ ആയത്തുകളിൽ നിന്നും മനസ്സിലാക്കാവുന്നത്.

അങ്ങനെ രണ്ടു ഘട്ടങ്ങളിലായി അവയെ അവന്‍ ഏഴു ആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്‌. فَقَضاهُنَّ سَبعَ سَماواتٍ في يَومَينِ وَأَوحىٰ في كُلِّ سَماءٍ أَمرَها ۚ وَزَيَّنَّا السَّماءَ الدُّنيا بِمَصابيحَ وَحِفظًا ۚ ذٰلِكَ تَقديرُ العَزيزِ العَليمِ  (ഖുർ‌ആൻ 41:12)

മുകളിലെ ആയത്തിലെ “അങ്ങനെ രണ്ടു ഘട്ടങ്ങളിലായി അവയെ അവന്‍ ഏഴു ആകാശങ്ങളാക്കിത്തീര്‍ത്തു” എന്നത് പ്രപഞ്ചങ്ങളുടെ നിർമ്മിതിയിലെ പ്രധാന രണ്ട് ഘട്ടങ്ങളാണ്, അതൊരൂ പക്ഷെ അടിസ്ഥാന ഘടകങ്ങളായ എനർജ്ജി, മാസ്, സ്പേസ്, ടൈം എന്നിവയുടെ നിർമ്മിതിയും ശേഷമുള്ള നിർമ്മിതിയുമാകാം, അതല്ലെങ്കിൽ ആദ്യത്തെ പ്ളാങ്ക് സമയവും അതിന് ശേഷമുള്ള സമയവുമാകാം, കൂടുതൽ പഠനം ആവശ്യമാണ്. ആ ആയത്തിന്റെ അവസാന ഭാഗം നോക്കുക, “സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു എന്നത്!”

ബിഗ്‌ബാംഗിനു ശേഷമുള്ള ലോക നിർമ്മിതിയെ കുറിച്ചുള്ള ശാസ്ത്രീയമായ പഠനങ്ങളിൽ കാണാവുന്നത് നമ്മൾ ജീവിക്കുന്ന ഈ ലോകത്തിൻ്റെ നിർമ്മിതി സംഭവിച്ചത് വളരെ സൂക്ഷ്മമായ ഫൈൻ ട്യൂണിങ്ങോട് കൂടിയാണ്, മാറ്റർ, ഡാർക്ക് മാറ്റർ, എനർജ്ജി, ഡാർക്ക് എനർജ്ജി എന്നിവ സെറ്റ് ചെയ്യപെട്ടത്. അങ്ങനെ സെറ്റ് ചെയ്യപെട്ട ലോകത്തെ ഗാലക്സികളുണ്ടാവുകയുള്ളൂ എന്നാണ് ശാസ്ത്രീയ പഠനം. അതായത് നമ്മൾ ജീവിക്കുന്ന ഈ ലോകത്ത് മാത്രമാണ് നക്ഷത്രങ്ങളും ഗാലക്സികളും ഉള്ളൂ, മറ്റു പ്രപഞ്ചങ്ങൾ എനർജ്ജി, ഡാർക്ക് എനർജ്ജി, മാറ്റർ, ഡാർക്ക് മാറ്റർ എന്നിവയുടെ തോത് ശരിയാം വിധം ഫൈൻ ട്യൂൺ അല്ലാത്തതിനാൽ ആ ലോകത്ത് നക്ഷത്രങ്ങളൊന്നും രൂപപെട്ടിട്ടില്ല എന്നാണ് ആധുനിക ശാസ്ത്ര പഠനങ്ങളിൽ ഉള്ളത്. അതുതന്നെയാണ് മുകളിലെ ഖുർ‌ആൻ ആയത്തിലെയും വിവക്ഷ. 

നമ്മുടെ പ്രപഞ്ച നിർമ്മിതിയെ രണ്ട് ഘട്ടങ്ങളായ് കണക്കാക്കാം, റേഡിയേഷൻ ഘട്ടവും ദ്രവ്യഘട്ടവും. റേഡിയേഷൻ ഘട്ടമാണ് ആദ്യം, എനർജ്ജിയുടെ ഘട്ടങ്ങളായ് പ്ലാങ്ക് എപെക്, ഇൻഫ്ലേഷനറി എപെക്, എലക്ട്രോ വീക് എപെക്, ശേഷം ക്വാർക് എപെക്, ഹാർഡ്രോൺ എപെക്, ലെപ്റ്റോൺ എപെക്, ന്യൂക്ലിയർ എപെക് എന്നീ ഘട്ടങ്ങളാണ്. ഈ പ്ലാങ്ക് കാലയളവ് പോയിന്റ് 0 മുതൽ ഏകദേശം 10^-43 സെക്കൻഡ് വരെ നീളുന്നു , പ്ലാങ്ക് സമയം എന്ന നിലയിൽ മാത്രമേ ഇത് അളക്കാൻ കഴിയൂ എന്നതിനാലാണ് ഇതിന് അങ്ങനെ ഒരു പേര് നൽകിയിരിക്കുന്നത്. ദ്രവ്യത്തിന്റെ കടുത്ത ചൂടും സാന്ദ്രതയും കാരണം പ്രപഞ്ചത്തിന്റെ അവസ്ഥ വളരെ അസ്ഥിരമായിരുന്നു, അത് വികസിക്കാനും തണുപ്പിക്കാനും തുടങ്ങി. ദ്രവ്യഘട്ടത്തിൽ അറ്റോമിക് എപെക് ആണ് ആദ്യം, ബിഗ്‌ബാംഗിൽ രൂപം കൊണ്ട് ഏറ്റവും കൂടിയ താപനില 1 ട്രില്ല്യൻ ഡിഗ്രി സെൽ‌ഷ്യസിൽ നിന്നും മില്ല്യൻ സെൽ‌ഷ്യസിലേക്ക് കുറഞ്ഞപ്പോൾ ഐയേണൈസട് ഇൽക്ട്രോണുകൾ ഒരു ന്യൂക്ലിയർ കണ്ടെത്തി ഒരു റീകൊമ്പിനേഷൻ സാധ്യമായി. ആ പ്രോസസ് വഴിയാണ് ഹൈഡ്രജൻ എലമെൻ്റ് രൂപപെടുന്നത്.

ബിഗ് ബാംഗ് വഴി ദ്രവ്യ നിർമ്മിതിയുടെ അടിസ്ഥാന ഘടകങ്ങളായ ക്വാർക്കുകളും ഇലക്ട്രോണുകളും ആണ് സൃഷ്ടിക്കപെട്ടത്. ക്വാർക്കുകൾ ആറ് വിധമുണ്ട്, ക്വാർക്കുകൾ വ്യത്യസ്ത രീതിയിൽ ചേർന്നാണ് ന്യൂട്രോണും (2 അപ് ക്വാർക്കും 1 ഡൌൺ ക്വാർക്കും), പ്രോട്ടോണും (1 അപ് ക്വാർക്കും 3 ഡൌൺ ക്വാർക്കും) ഉണ്ടാകുന്നതും അവ ചേർന്നാണ് ഒരു ആറ്റം രൂപപെട്ടതും. ആറ്റങ്ങൾ രൂപപെട്ട് രണ്ട് ആറ്റങ്ങൾ കൂടി ചേർന്ന് ഹീലിയവും ശേഷം ഒരു ആറ്റം മാത്രമുള്ള മൂലകമായ് ഹൈഡ്രജനും ഉണ്ടായി.

ആദ്യത്തിൽ സൂചിപ്പിച്ചത് പോലെ ബിഗ്‌ബാംഗ് വഴി സ്പേസ് ഉണ്ടായി.. എന്നാൽ എല്ലം ഒട്ടിചേർന്ന ഒന്നായിരുന്നു. അല്ലാഹു വിശുദ്ധ ഖുർ‌ആനിലൂടെ പറയുന്നത് നോക്കുക, “അതിനു പുറമെ അവൻ ആകാശത്തിനു നേർക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നീട്ട് അതിനോടും ഭൂമിയോടും അവൻ പറഞ്ഞു, “നിങ്ങൾ അനുസരണ പൂർവ്വമോ നിർബന്ധിതമായോ വരിക”. അവ രണ്ടും പറഞ്ഞു, ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. ثُمَّ استَوىٰ إِلَى السَّماءِ وَهِيَ دُخانٌ فَقالَ لَها وَلِلأَرضِ ائتِيا طَوعًا أَو كَرهًا قالَتا أَتَينا طائِعينَ  ഖുർ‌ആൻ 41:11 

വലിയ തോതിൽ ഹൈഡ്രജൻ ഹീലിയ വാതകങ്ങളിൽ ഭീമൻ പുകപടലങ്ങൾ മേഘങ്ങളായ് രൂപം പ്രാപിച്ചു. ഹൈഡ്രജൻ ആറ്റങ്ങൾ പരസ്പരം കൂടിച്ചേർന്ന് അവക്കിടയിൽ വൈദ്യുതകാന്തികശക്തി രൂപം കൊണ്ട് തന്മാത്രകൾക്കിടയിൽ ഗുരുത്വാഗർഷണം വളരെ കൂടുകയും അവ വളരെ സാന്ദ്രതയോടെ തന്മാത്രകളെ ബന്ധിപ്പിക്കുകയു സാന്ദ്രത കൂടി അവിടെ ചൂട് പിടിച്ച് ന്യൂക്ലിയ ഫ്യൂഷൻ ആരംഭിക്കുന്നു, അങ്ങിനെ അതൊരൂ നക്ഷത്രമായി പരിവർത്തനം ചെയ്യപെടുന്നു. അങ്ങനെ അനേകം നക്ഷത്രങ്ങൾ രൂപം കൊണ്ടു. ഫ്യൂഷൻ പ്രതിപ്രവർത്തനം വഴി നക്ഷത്രത്തിന്റെ ഉൾഭാഗത്ത് ഉയർന്ന താപം രൂപപെടുകയും അത് ആറ്റങ്ങളെ കൂട്ടിചേർത്ത് പുതിയ മൂലകങ്ങളെ രൂപപെടുത്തുകയും ചെയ്തു. മൂന്ന് ഹീലിയം ന്യൂക്ലിയസ് ചേർന്നു കാർബണും രണ്ട് കാർബൺ ന്യൂക്ലിയസ് ചേർന്ന് മഗ്നീഷ്യവും അങ്ങനെ സിലികോൺ തുടങ്ങിയ മൂലകങ്ങളുണ്ടായി. സിലികോൺ ന്യൂക്ലിയസ് ചേർന്നാണ് ഭാരം കൂടിയ അയേൺ ഉണ്ടാകുന്നത്. അയേൺ ഭാരം കൂടിയ മൂലകവും അതിന്റെ ന്യൂക്ലിയസിൽ പ്രോട്ടോണും ന്യൂട്രോണും ദൃഢബദ്ധമായി വളരെ ശക്തിയിൽ പരസ്പരം ബന്ധിച്ചിരിക്കുന്നതിനാൽ അയേൺ ന്യൂക്ലിയസിൽ നിന്നും പുതിയ മൂലകങ്ങൾ രൂപം കൊള്ളാതായി. അയേണിനു ശേഷം ഭാരം കൂടിയ മൂലകങ്ങളായ ക്രോമിയം, സിങ്ക്, ഗോൾഡ്, പ്ലാറ്റിനം എന്നിവ ഉണ്ടായിട്ടില്ല. ആ മൂലകങ്ങൾ സൃഷ്ടിക്കപെടുന്നത് നക്ഷത്ര തകർച്ച നേരിട്ട് വലിയ രീതിയിലുള്ള സൂപ്പർ‌നോവ എക്സ്പ്ലോഷൻ വഴിയാണ്.  സൂപ്പർനോവ വൻ സ്ഫോടനം വഴി നക്ഷത്രത്തിനുള്ളിലെ താപത്തേക്കാൾ 300 ഇരട്ടി താപം (8ബില്ല്യൻ ഡിഗ്രി) ഉണ്ടാവുകയും അതുവഴി അയേൺ ന്യൂക്ലിയസ് ചേർന്ന് ബാക്കിയുള്ള ഭാരം കൂടിയ മൂലകങ്ങളായ ക്രോമിയം, സിങ്ക്, ഗോൾഡ്, പ്ലാറ്റിനം തുടങ്ങിയവ രൂപപെടുകയും ചെയ്തു. 

സൂപ്പർ നോവ എൿസ്പ്ലോഷൻ വഴിയാണ് പുതിയ നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം രൂപപെട്ടത്. സ്പേസിൽ ഏത് മൂലകങ്ങൾക്കും മാഗനെറ്റിക് ഫീൽഡ് ഉണ്ടാകുമെന്നതിനാൽ അവ പരസ്പരം അടുത്തുള്ളവയെ ആകർഷിക്കും. സൂപർ നോവ എക്പ്ലോഷൻ വഴി ചിന്നിചിത്രറിയ മൂലകങ്ങൾ പരസ്പരം ആകർഷിച്ച് നക്ഷത്രങ്ങളും ഗ്രഹങ്ങളുമൊക്കെ ഉണ്ടാകുന്നത്. അങ്ങനെ സംഭവിച്ച ഒരു സൂപർനോവ എക്സ്പ്ലോഷൻ വഴി വലിയ തോതിൽ വ്യാപിച്ച ഗ്യാസും പൊടിപടലങ്ങളും നക്ഷത്രങ്ങളും സൂര്യനും ഗ്രഹങ്ങളുമൊക്കെയായി മാറി. ഹൈഡ്രജൻ വാതകം വലിയ ഗുരുത്വാഗർഷണത്തോടെ അടുക്കുകയും ഇലക്ട്രോമാഗനെറ്റിക് ഫീൽഡ് വഴി അവക്ക് ഒരു കോർ രൂപപെടുകയും അതിൽ ന്യൂക്ലിയർ ഫ്യൂഷൻ ആരംഭിച്ച് സൂര്യനായി രൂപപെട്ടു, അതിന്റെ ശക്തമായ കാന്തിക മണ്ഢലത്തിൽ അവക്ക് ചുറ്റും പൊടിപടലങ്ങൾ ചേർന്ന് ഗ്രഹങ്ങളും രൂപം കൊണ്ടു. അയേൺ നിക്കൽ തുടങ്ങിയവ കൂടി ചേർന്നാണ് ഭൂമിയുടെ ആദ്യ ഘട്ടം (കോറ്) രൂപപെടുന്നത്. അതിലേക്ക് സിലികോൺ തുടങ്ങിയ അനേകം മൂലകങ്ങൾ ആകർഷിക്കപെട്ടാണ് ഭൂമിയുണ്ടാകുന്നത്. അതേ പോലെ അനേകം ഗ്രഹങ്ങളും. സൂപ്പർ നോവ എക്പ്ലോഷൻ വഴി മൂലകങ്ങൾ കൂടാതെ വ്യത്യസ്ത മൂലകങ്ങൾ ചേർന്ന പദാർത്ഥങ്ങളും (ജലം) രൂപപെട്ടു. ഭൂമിയുടെ കോറിലേക്ക് ജലവും ആഗിരണം ചെയ്യപെടുകയും ഭൂമിയുടെ ഭാഗമാകുകയും ചെയ്തു. 

ആറ്റങ്ങൾ കൂടിചേർന്ന് ആറ്റങ്ങളുടെ എണ്ണത്തിനനുസരിച്ചാണ് ലോകത്തെ എല്ലാ പദാർത്ഥങ്ങളും ഉണ്ടായത്. 26 ആറ്റങ്ങൾ ചേർന്നാൽ ഇരുമ്പും 79 ആറ്റങ്ങൾ കൂടി ചേർന്നാൽ സ്വർണ്ണവും 80 ആറ്റങ്ങൾ ചേർന്നാൽ മെർ‌ക്കുറിയുമായി തീരുന്നു. ഒരു മൂലകത്തിന്റെ ന്യൂക്ലിയസ്സിലുള്ള ആറ്റത്തിന്റെ ഘടനയും എണ്ണത്തിനും അനുസരിച്ചാണ് ലോകത്തെ എല്ലാ മൂലകത്തിന്റെ ഘടനയും സ്വഭാവവും തീരുമാനിക്കപെടുന്നത്. ആറ്റൊമിക് നമ്പർ 47 ആയ സിൽ‌വറും ആറ്റൊമിക് നമ്പർ 79 ആയ സ്വർണ്ണവും സോളിഡ് മറ്റലാണെങ്കിൽ ആറ്റൊമിക് നമ്പർ 35 ആയ ബ്രോമിനും ആറ്റൊമിക് നമ്പർ 80 ആയ മെർക്കുറി ലിക്യുഡ് അവസ്ഥയിലാണ് ആണ്. അപ്പോൾ ആറ്റങ്ങളുടെ എണ്ണത്തിൽ മാത്രമല്ല അതിന്റെ സ്വഭാവം നിർണ്ണയിക്കുന്നത്. 

സ്വർണ്ണത്തെക്കാൾ ഒരു ആറ്റം കൂടിയ മെർക്കുറിയുടെ കോർ സ്വർണ്ണത്തെ പോലെ അത്ര ദൃഢതയിലുള്ളതല്ല, ഒരു മെറ്റലാണെങ്കിലും അത് ദ്രാവകരൂപത്തിലാണ്. അപ്പോൾ ലോകത്തെ ഓരോ മൂലകങ്ങളും ഒരു പ്രത്യേകതയോടെ രൂപപെട്ടതാണ് എന്നുമനസ്സിലാക്കാം. എന്തുകൊണ്ട് സ്വർണ്ണത്തിന്റെ അതേ ന്യൂക്ലിയസിനെ പോലെ മെർക്കുറിയുടെ ന്യൂക്ലിയസിലെ ന്യൂട്രോണും പ്രോട്ടോണും ചേർന്നില്ല, എന്തുകൊണ്ട് മെർക്കുറിയുടെ അതേ പോലെ ആറ്റങ്ങളുള്ളതും ന്യൂക്ലിയ ശക്തമായതുമായ മറ്റൊരൂ മൂലകം രൂപപെട്ടില്ല?  ഈ ലോകത്തുള്ള ഓരോ മൂലകങ്ങളും എങ്ങിനെ ആയിരിക്കണമെന്നും അതിന്റെ ഗുണവും സ്വഭാവവുമെല്ലാം വളരെ വ്യക്തമായ് നിർണ്ണയിക്കപെട്ടതായ് സൃഷ്ടിക്കപെട്ടു എന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കൂ.

ഈ ലോകത്തുള്ള എല്ലാ മൂലകങ്ങളും ക്വാർക്ക് എന്ന അടിസ്ഥാന വസ്തുവിൽ നിന്ന് രൂപം കൊണ്ടതാണെങ്കിലും അവ വ്യതിരിക്തമായ മൂലകങ്ങളായി നില നിൽക്കുന്നു, വ്യത്യസ്ത  മൂലകങ്ങൾ ചേർന്ന് പല വസ്തുക്കളും രൂപപെടുന്നു, അവർക്കും വ്യതിരിക്തമായ സ്വഭാവ ഗുണങ്ങളുമുണ്ട്. അതേ പോലെ തന്നെ ജൈവലോകത്തുള്ള ഓരോന്നും ജൈവ കണങ്ങൾ ചേർന്ന് വ്യതിരിക്തമായ് സൃഷ്ടിക്കപെട്ടു. നിലവിലെ 118 മൂലകങ്ങളോരോന്നും വ്യത്യാസപെട്ടിരിക്കുന്നു, മെർക്കുറിയും സ്വർണ്ണവും അടുത്ത മൂലകങ്ങളാണെങ്കിലും വ്യത്യാസപെട്ടിരിക്കുന്നത് പോലെ തന്നെ ജൈവ ലോകത്തും ഓരോന്നും വ്യത്യാസപെട്ടിരിക്കുന്നു.

ജൈവ ജീവികൾ, ജിന്നുകൾ (തീയ് കൊണ്ട്), മലക്കുകൾ (പ്രകാശം കൊണ്ട്) എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ജീവനുള്ള സൃഷ്ടിപ്പിനെ കുറിച്ചാണ് ഖുർ‌ആനിൽ ഉള്ളത്. ഭൂമിയിലുള്ള നമ്മൾ കാണുന്നതെല്ലാം ജൈവകണങ്ങളാൽ സൃഷ്ടിക്കപെട്ടതാണ്. അതിൽ മനുഷ്യന്റെ ആദ്യത്തെ മോഡൽ സൃഷ്ടിക്കപെട്ടത് മുട്ടിയാൽ മുഴങ്ങുന്ന കളിമണ്ണ്കൊണ്ടാണ്. പിന്നീട് മനുഷ്യൻ ഭൂമിയിലെത്തിയത് എങ്ങനെയാണെന്ന് ഖുർ‌ആനിൽ വ്യക്തമായി പ്രസ്താവിക്കപെട്ടിട്ടില്ല. എന്നാൽ ജീവനുള്ള എല്ലാത്തിനേയും സൃഷ്ടിച്ചത് വെള്ളത്തിൽ നിന്നാണെന്ന് ഖു‌ർ‌ആനിലുണ്ട്. കൂടാതെ, ലോകത്തുള്ളവയെല്ലാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ പ്രകാരമാണെന്നും ഉണ്ട്.  തീർച്ചയായും ഏത് വസ്തുവേയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു. إِنّا كُلَّ شَيءٍ خَلَقناهُ بِقَدَرٍ (ഖുർ‌ആൻ 54: 49). 

ഈ ലോകത്തിന്റെ നിർമ്മിതി, അതിന്റെ ഓരോഘട്ടങ്ങൾ എല്ലാം ഒരു വ്യവസ്ഥ പ്രകാരമാണ്. ശേഷം ഭൂമിയുടെ സൃഷ്ടിപ്പും [ നീ പറയുക: രണ്ടു ഘട്ടങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന്‌ നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്‌? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്‌. 

“ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല” എന്ന് പറയുന്നതില്‍ നിന്ന് ഓരോ സ്രിഷ്ടിപ്പിന്റെ പിന്നിലും കൃത്യമായ ഉദ്ദേശം ഉണ്ടെന്നും വ്യക്തം. തന്റെ സൃഷ്ടിപ്പ് തീര്‍ത്തും കുറ്റമറ്റതും വിശിഷ്ടവും ആണെന്നും അല്ലാഹു പറയുന്നു. (“സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍”).

തുടരും.

1 comment:

Moh'd Yoosuf said...

എന്തുകൊണ്ട് മെർക്കുറിയുടെ ആറ്റങ്ങളിൽ ഡെൻസിറ്റിയിൽ വ്യത്യാസപെട്ട് സാധാരണ ചൂടിൽ ദ്രവ രൂപത്തിലായി? എന്തുകൊണ്ട് ന്യൂക്ലിയസിൽ ആറ്റങ്ങളുടെ ഡെൻസിറ്റിയിൽ വ്യത്യാസപെട്ട് സ്വർണ്ണത്തിൻ്റെ അത്രക്ക് ആറ്റങ്ങളുള്ള മെർക്കുറിയെ പോലെ ഒരു ലിക്യുഡ് സ്വർണ്ണം ഉണ്ടായില്ല?? അതല്ലെങ്കിൽ ഒരേ എണ്ണം ആറ്റങ്ങളുള്ള വ്യത്യസ്ത ഡെൻസിറ്റിയോടെ വ്യത്യസ്ത മൂലകങ്ങൾ രൂപപെട്ടില്ല.. ഒരു മാസ്റ്റർ പ്ലാൻ ഇല്ലാതെ യാദൃശ്ചികമായ് രൂപപെടുന്നവക്ക് എന്തുകൊണ്ട് അങ്ങനെ വ്യത്യാസങ്ങൾ ഉണ്ടാകുന്നില്ല?? ഓരോ എലമെൻ്റിനും ഓരോ രൂപവും സ്വഭാവവും ആരാണ് നിശ്ചയിച്ചത്?