Sunday, April 12, 2009

കർമ്മം

വിശ്വസിച്ചത് മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുക എന്നതാണ് ഏതൊരു വിശ്വാസിയുടെയും അതിപ്രധാനമായ ജോലി. നിങ്ങൾ പ്രവർത്തിക്കാത്തത് പറയരുത് എന്ന് ദൈവം നമ്മോട് പറയുന്നു. നമുക്ക് ചെയ്യാൻ കഴിയുന്ന ജോലിയെ ദൈവം നമ്മോട് ചെയ്യാനാവശ്യപ്പെടുന്നുള്ളു. ആയതിനാൽ നാം നമ്മുടെ കർമ്മങ്ങൾ ശരിയാം വണ്ണം നിർവഹിച്ചതിന് ശേഷം മറ്റുള്ളവരിലേക്ക് ദഅവത്ത് എത്തിക്കണം. ചെയ്യാൻ കഴിയാത്ത വിശ്വാസ കർമ്മങ്ങൾ നിർവഹിക്കാനാണോ ഞങ്ങളെ ക്ഷണിക്കുന്നതെന്ന് ആരും ചോദിക്കാതിരിക്കണമെങ്കിൽ നാം നമ്മൾ വിശ്വസിച്ചത് ജീവിതത്തിൽ പകർത്തികാണിച്ച് കൊടുക്കണം. അതിന് നാം നമ്മുടെ മുഖം എപ്പോഴും ക്ലീനായി, മിനുക്കി കൊണ്ട് നടക്കണം. സ്വന്തം മുഖം ഇഷ്‌ടപെടാത്ത ആരെങ്കിലും ഈ ലോകത്തുണ്ടൊ? ഇല്ല. ആരെങ്കിലും നമ്മളടങ്ങിയ ഒരു ഗ്രൂപ്പ് ഫോട്ടൊ എടുത്താൽ, അതിൽ നാം ആദ്യം നോക്കുക നമ്മുടെ ഫോട്ടോയിലേക്കാണ്. നമ്മുടെ ഫോട്ടോ നാം ഉദ്ദേശിച്ചരീതിയിലല്ല വന്നതെങ്കിൽ ഫോട്ടൊ നന്നായില്ലെന്ന് മാത്രമല്ല ഫോട്ടൊ എടുക്കാനറിയില്ലെന്ന് ഫോട്ടൊ എടുത്ത ആളെ പറ്റിയും പറയും. ഇനി നമ്മുടെ ഫോട്ടൊ നന്നായിവന്നാൽ മറ്റുള്ളവരുടെത് നന്നായിട്ടിലെങ്കിലും അത്ര സീരിയസായി നാം കാണില്ല. അപ്പോൾ നാം നമ്മുടെ മുഖത്തെ വല്ലാതെ ഇഷ്ടപെടുന്നു. അത് നന്നായി വൃത്തിയിൽ കൊണ്ട് നടക്കുക. മറ്റുള്ളവർ നമ്മുടെ മുഖം കണ്ട് കുറ്റം പറയരുത്. നമ്മുടെ മുഖം അത് കാണേണ്ട സ്ഥലങ്ങളിലെ കാണാൻ പാടുള്ളു. അതായത് മുഖം എന്നത് ഒരു ഐഡന്റിറ്റിയാണ്. അതിനാൽ നാം നമ്മുടെ മുഖത്തെ വേണ്ടരീതിയിൽ സൂക്ഷിച്ച് കറകളും വൃത്തികേടുകളും പറ്റാതെ മതമെന്ന ഫ്രെയിമിൽ സൂക്ഷികേണ്ടതുണ്ട്. എന്നാൽ നമ്മെ ജനങ്ങൾ ആട്ടിവിടില്ല. പറയാനുള്ള സ്വാതന്ത്യം നമുക്ക് കിട്ടും. എന്താണ് പറയേണ്ടത്? ദൈവിക ഗ്രന്ഥത്തിലുള്ളതു പ്രവാചകൻ വിശദീകരിച്ച് തന്നത് പോലെ, നമ്മുടെ മാതൃക പ്രവാചകനാണ്. അതിനാൽ നാം എന്താണ് വിശുദ്ധ ഗ്രന്ഥത്തിലും പ്രവാചക ചര്യയിലുമുള്ളതെന്ന് പഠിക്കണം. മതത്തെ ശരിയാം വിധം പഠിച്ച് നാം അതിന്റെ സ്രോതസ്സുകളാവണം. വാട്ടർ ടാങ്കുകളെപോലെ ആർക്കും വെള്ളം എപ്പോഴും കൊണ്ട് പോകാൻ കഴിയും വിധം നാം നമ്മുടെ അറിവ് വളർത്തിയെടുക്കണം. കുറച്ച് പേർവന്ന് കൊണ്ട് പോയാൽ തീരുന്നതാവരുത് നമ്മുടെ അറിവ്. കൂടുതൽ ആളുകൾ വന്നാലും സ്രോതസ്സ് കുറയരുത്. അങ്ങിനെ ആയാൽ നമ്മുടെ ദഅവത്ത് ഫലപ്രദമാവും. നാലല്ല നാല്പതാളുകൾ വന്ന് ചോദിച്ചാലും തന്റേടത്തോടെ ധൈര്യത്തോടെ പറയണമെങ്കിൽ നമ്മുടെ അടുക്കൽ അറിവെന്ന ആയുധം വേണം. അറിവ് നേടുക എന്നത് ഒരോ മുസ്ലിമിന്റെയും കടമയാണ്. അത് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുക എന്നത് ബാധ്യതയും.

- മൈപ് -
____________________________________

പരലോകം

പരലോകം എന്നത് ഏതൊരു മനുഷ്യന്റെയും ആഗ്രഹമാണ്. മനുഷ്യൻ നന്മ ചെയ്യുവാനും തിന്മയിൽ നിന്ന്‌ വിട്ടുനിൽക്കാനും പരലോകത്തിലുള്ള വിശ്വാസം ആവശ്യവുമാണ്.
ഈ ജീവിതത്തിന് ശേഷമുള്ള ജീവിതം എന്നത് ജീവശാസ്ത്ര മരണത്തിന് ശേഷം മാനസീകമായ ആത്മാവിന്റെ തുടർന്നുള്ള പ്രയാണവും പിന്നീട് സ്വശരീരത്തിലേക്ക് അത്മാവിനെ തിരിച്ച്നൽകി മനുഷ്യന്റെ കർമ്മങ്ങൾക്കനുസരിച്ചുള്ള സ്ഥായിയായ ജീവിതമാണ് പരലോകം. ദൈവ നിശ്ചയപ്രകാരം മനുഷ്യന്റെ ഇഹലോക ജീവിതകർമ്മങ്ങൾക്കനുസരിച്ച് മരണാന്തര ജീവിതം ആരംഭിക്കുന്നു.

മരണത്തിന് ശേഷമുള്ള ലോകം രണ്ടു വിധത്തിൽ മനുഷ്യൻ മനസ്സിലാക്കുന്നു. ഒന്ന്, മനുഷ്യന്റെ സ്വതന്ത്രമായ നിരീക്ഷണത്തിലും അനുമാനത്തിലും ഇൻസ്ട്രുമെന്റിന്റെ സഹായത്തോടെയും (റേഡിയോ, ഇ.വി.പി. തുടങ്ങിയ) മരണാന്തരമുള്ള റിസേർച്ചുകൾ, മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനപെടുത്തിയുള്ള പഠനം തുടങ്ങിയവയും രണ്ട്, വിശ്വാസത്തെ അടിസ്ഥാനമാക്കി ദൈവിക ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചത് പോലെയും. ഇതിൽ രണ്ടാമത് പറഞ്ഞ ദൈവിക ദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് വിശ്വാസി മനസ്സിലാക്കേണ്ടത്. ഈ ലോകത്തെ കർമ്മങ്ങൾക്കനുസരിച്ച് പ്രതിഫലം കിട്ടേണ്ട ഒരു വേദി ഏതൊരു മനുഷ്യന്റെയും പ്രകൃതിപരമായ ആഗ്രഹമാണ്. ഈ ലോകത്ത് അതി ക്രൂരമായ ചെയ്തികളെ കുറിച്ച് ഏതൊരു മനുഷ്യനും പറയും, ദൈവം കൊടുത്തോളും എന്ന്. എന്താണ് കൊടുക്കേണ്ടത്, എവിടെ വെച്ചാണ് കൊടുക്കേണ്ടത്? അതാണ് പരലോകം. ഈ ഭൌതിക ലോകത്ത് നൽകാൻ കഴിയുന്ന ശിക്ഷക്ക് പരിമിതികളുണ്ട്. ഒരാളെ കൊന്നവനും പതിനായിരങ്ങളെ കൊന്നവനും ഏറിയാൽ വധശിക്ഷയല്ലാതെ കൂടുതലായി ചെയ്യാൻ മനുഷ്യന് കഴിയില്ല. മാത്രമല്ല, എത്രയോ വലിയ അക്രമികൾ ഒരു പ്രശ്നവുമില്ലാതെ ജീവിക്കുന്നു. നീതിയും ന്യായവും ദൈവിക വിശ്വാസത്തിലല്ലാതെ നടപ്പിലാക്കാൻ കഴിയില്ല. ഏതൊരു ചെയ്തിയും ചോദ്യം ചെയ്യപെടുമെന്നും അതിനനുസരിച്ച ജീവിതം മരണത്തിന് ശേഷം ഉണ്ടാകുമെന്ന് അല്ലാഹു പറയുന്നു. അത് നല്ല മനുഷ്യന്റെ ആഗ്രഹം കൂടിയാകുന്നു. പരലോകമില്ലെങ്കിൽ നാം എന്തിന് നന്മ ചെയ്യണം? തോന്നിയത് പോലെ ജീവിച്ചാൽ മതിയല്ലൊ. അത് പോര. അതുകൊണ്ടാണ് മനുഷ്യൻ കഴിയുന്ന രീതിയിൽ ചില നിയമങ്ങളൊക്കെ നിർമ്മിച്ച് ഈ ലോകത്ത് തന്നെ നീതിയുണ്ടാക്കുവാൻ ശ്രമിക്കുന്നത്, എന്നാൽ മനുഷ്യ നിർമ്മിത നിയമങ്ങളിൽ നിന്നും രക്ഷപെടുന്നവർക്ക് മരണത്തിന് ശേഷമുള്ള ജീവിതമുണ്ടെന്നും അതിൽ ഈ ലോകത്തെ പ്രവർത്തനഫലമാണ് അനുഭവിക്കാനുള്ളതെന്നും അവിടെ രക്ഷപെടാൻ മാർഗ്ഗങ്ങളൊന്നുമില്ലെന്നും മനസ്സിലാക്കിയാൽ മനുഷ്യൻ താനേ നേർവഴിക്ക് തിരിയും. പരലോക ചിന്തയാണ് മനുഷ്യനെ നന്മചെയ്യുന്നതിനും തിന്മയിൽ നിന്ന് വിട്ടുനിൽക്കുന്നതിനും പ്രേരിപ്പിക്കുന്നത്.

- മൈപ് -
_________________________________

ലക്ഷ്യ ബോധം

എലിയും പൂച്ചയും. എലിയെ പിടിക്കാൻ പുറകെ ഓടിക്കിതച്ച് എലിയെ കിട്ടാതെ ഓട്ടം നിറുത്തി പൂച്ച എലിയോട് ചോദിച്ചു, എടൊ, എന്താ നിന്റെ ഈ ഓട്ടത്തിന്റെ രഹസ്യം? ഞാനെത്ര ഓടിയിട്ടും നിന്നെ പിടിക്കാനൊക്കുന്നില്ലല്ല്ലൊ. എലി പറഞ്ഞ മറുപടിയാണ് നാം ഇവിടെ ചർച്ച ചെയ്യേണ്ടത്. എലി പറഞ്ഞു, എടൊ പൂച്ചെ, നിന്റെ ഓട്ടത്തിന്റെ ലക്ഷ്യം ഭക്ഷണമാണ്, എന്റെ ഓട്ടത്തിന്റ് ലക്ഷ്യം ജീവനുമാണ്. ഭക്ഷണത്തിന് വേണ്ടിയുള്ള ഓടലല്ല മരണത്തിൽ നിന്ന് രക്ഷപെടാ‍ൻ ഓടുന്നത്. അപ്പോൾ ലക്ഷ്യബോധമാണ് നമ്മുടെ പ്രവർത്തനങ്ങളെ നയിക്കുന്നത്.

ലക്ഷ്യമില്ലാത്ത പോക്ക് അത് അല്ലാഹു പറഞ്ഞിട്ടുണ്ട്, ആകാശത്ത് നിന്ന് വീണവനെ പോലെ.. എവിടെയും എത്തിപ്പെടാം.. ആർക്കും റാഞ്ചികൊണ്ട് പോകാം, ഏത് ഗർത്തത്തിലും വീണടയാം. ഒരു വിശ്വാസിയെ സംബന്ധിച്ച് അവൻ ശരിയായ ലക്ഷ്യബോധമുള്ളവനാവണം. എന്തിന് ജനിച്ചു, ആർക്ക് വേണ്ടി ജീവിക്കണം, നാളെ എങ്ങോട്ട് പോകും എന്നൊക്കെ ശരിയാം വണ്ണം ഒരാൾ മനസ്സിലാക്കിയാൽ അവന് ജീവിതത്തിൽ ലക്ഷ്യബോധമുള്ളവനായി തീരും.

ചെയ്യുന്ന ജോലിക്ക് പ്രതിഫലം വാങ്ങുക എന്നത് പ്രകൃതി പഠിപ്പിച്ചതാണ്. പ്രകൃതി നിയമം ദൈവത്തിന്റെതും. നമ്മോട് ഒരാൾ അയാൾ ഉദ്ദേശിച്ച ജോലി നിശ്ചയിച്ച സമയത്ത് തീർത്താൽ നമുക്ക് വേതനം നേടാം. എന്നാൽ നമ്മോട് കൽ‌പ്പിക്കപെട്ട ജോലി നിർവഹിക്കാതെ നമുക്ക് തോന്നിയത് ചെയ്താൽ കൂലികിട്ടുമൊ? കൂലികിട്ടില്ലെന്ന് മാത്രമല്ല, നഷ്ടപരിഹാരവും കൊടുക്കേണ്ടിവന്നേക്കാം. അപ്പോൾ നമുക്ക് ജീവൻ നൽകി നമ്മെ ഈ ഭൂമിയിലേക്കയച്ചവൻ ചില ജോലികളൊക്കെ പ്രത്യേക സമയത്ത് ചെയ്യാൻ ആവശ്യപെട്ടിട്ടുണ്ട്, ചിലത് ദിവസവും പ്രത്യേക സമയത്ത്, ചിലത് ആഴ്ചയിൽ ഒരു ദിവസം, ചിലത് വർഷത്തിൽ ഒരു മാസം, ചിലത് ജീവതത്തിൽ ഒരു തവണ. അങ്ങിനെ പല കാറ്റഗറിയിലുള്ള ജോലികൾ അത് നമുടെ ശരീരം കൊണ്ട് ചെയ്യാൻ കഴിയുന്നതേ നിർദ്ദേശിച്ചിട്ടുള്ളു. ഈ ജോലിയിൽ ആത്മാർത്ഥതക്കാണ് കൂടുതൽ പ്രതിഫലം. എത്ര ചെയ്യുന്നു എന്നതല്ല പ്രധാനം, ഉദ്ദേശ ശുദ്ധിയാണ് പ്രധാനം. നല്ല ആത്മാർത്ഥതയോടെ ജോലി ചെയ്യാൻ, ജോലി എങ്ങിനെ ഏത് രീതിയിൽ ചെയ്യണമെന്ന് അറിഞ്ഞിരിക്കണം. കൂടാതെ എന്തിനാണ് ജോലി ചെയ്യുന്നതെന്നും. ഒരു വിശ്വസിയെ സംബന്ധിച്ച് അവൻ ഈ ലോകത്ത് പണിയെടുക്കുന്നത് നളെ മരണത്തിന് ശേഷമുള്ള പരലോകത്തിന് വേണ്ടിയാണ്. വിശ്വാസി ലക്ഷ്യബോധത്തോടെ ശരിയായ രീതിയിൽ പരലോകത്തിൽ വിശ്വസിക്കണം.

- മൈപ് -
__________________________________

പ്രകൃതിനിയമം

അടർക്കളത്തിലേക്ക് എടുത്തു ചാടുന്ന കുതിരയെ കുറിച്ച് അല്ലാഹു പറയുന്നു. അവൻ അവന്റെ യജമാനനെ എത്രകണ്ട് അനുസരിക്കുന്നു എന്ന്. അതിന് കൊടുക്കുന്ന ഭക്ഷണത്തിനത് നന്ദി കാണിക്കുന്നു. അങ്ങിനെയാണ് അല്ലാഹു അതിന്റെ പ്രകൃതി നിശ്ചയിച്ചിരിക്കുന്നത്. ഇഹലോകത്തുള്ള എല്ലാ ജീവജാലങ്ങളും അല്ലാഹുവിന്റെ നിയമങ്ങൾക്കനുസരിച്ചാണ് നീങ്ങികൊണ്ടിരിക്കുന്നത്. അതുപോലെ തന്നെ ജീവനില്ലെന്ന് കരുതുന്ന വസ്തുക്കളും. ഗ്രഹങ്ങൾ ഒരു നിശ്ചിത കാലയളവ് വരെ നിശ്ചയിച്ച റൂട്ടിൽ സഞ്ചരിക്കുന്നു എന്ന് അതിനെ സൃഷ്ടിച്ചവൻ പറയുന്നു. ചില നക്ഷത്രങ്ങൾ അതിന്റെ ആയുസ് കഴിഞ്ഞ് കെട്ടടങ്ങി നമ്മൾ ബ്ലാക്ക് ഹോൾ എന്ന് വിളിക്കുന്നരീതിയിലേക്ക് ശക്തിക്ഷയിച്ച് ഇല്ലാതാവുന്നു. വൃക്ഷത്തിന്റെ വേരുകൾ ഭൂമിയിലേക്കിറങ്ങി അതിന് വേണ്ട വെള്ളവും ഭക്ഷണവും സ്വയം കണ്ടെത്തുന്നു. ഓരോന്നും അതിന്റെതായ സ്വഭാവഗുണങ്ങളിൽ ജീവിക്കുന്നു. എല്ലാതരം ജീവജാ‍ലങ്ങളും അങ്ങിനെതന്നെ. അവയുടെ സ്വഭാവം അതിനെ സൃഷ്‌ടിച്ച രക്ഷിതാവ് അവയിൽ തന്നെ ഉൾകൊള്ളിച്ചു. എന്നാൽ അതിൽ നിന്നും വ്യത്യസ്ഥനായി മനുഷ്യനും കണ്ണ് കൊണ്ട് കാണാൻ സാധിക്കാത്ത ജിന്ന് എന്ന സൃഷ്‌ടിയും മാത്രമെയുള്ളു. ഈ സൃഷ്ടികളിൽ തന്നെ വിശേഷ ബുദ്ധി ഒഴികെയുള്ളതെല്ലാം ദൈവിക നിയമമെന്ന പ്രകൃതിനിയമമനുസരിച്ചാണ് കഴിയുന്നത്. മനുഷ്യ ശരീരത്തിലെ ഓരോ അവയവവും അതിന്റെതായ പ്രവർത്തനം നടത്തുന്നു. ഹൃദയമിടിപ്പ്, ശ്വാസോഛോസം, രക്തപ്രവാഹം തുടങ്ങിയവ നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നവയല്ല. നേർമാർഗ്ഗമാണ് (ഹിദായത്ത്) നമുക്ക് കിട്ടിയ അപാര അനുഗ്രഹം. ഒരാൾ ജനിച്ച് വീഴുന്നത് പ്രകൃതിമത്തിന്റെ നിയമത്തിലാണ്. അതായത് യഥാർത്ഥ വിശ്വാസിയായി. പിന്നീട് മതാപിതാക്കളും ചുറ്റുപാടുമാണ് അവനെ വഴിതെറ്റിക്കുന്നത്.

ചില പണ്ഢിതന്മാർ സത്യസന്ദേശം ലഭിക്കാത്ത അരുമായും ബന്ധമില്ലാത്ത കാടുകളിൽ ജീവിക്കുന്നവരുടെ വിശ്വാസ കർമ്മങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നത്, അത്തരം മനുഷ്യർ ജീവിക്കുന്നത് പ്രകൃതിയുമായി ഇണങ്ങി എന്നാൽ കർമ്മപരമായി ഒന്നും തന്നെ അനുഷ്ടിക്കാനുള്ള വിശ്വസവും ലഭിച്ചിട്ടില്ലാത്ത ആളുകളെ പറ്റി നിഷേധികളെന്നോ അവിശ്വാസികളെന്നൊ പറയാത്തത്. അല്ലാഹുവിനറിയാം. നമുക്കിവിടെ പറയാനുള്ളത് സന്ദേശം ലഭിച്ചവരെ പറ്റിയാണ്, ബുദ്ധിയുള്ളവരെ പറ്റി. അല്ലാഹു വിശേഷജ്ഞാനം നൽകിയ അവന്റെ രണ്ട് സൃഷ്ടികൾക്കും എങ്ങിനെയാണ് ജീവിക്കേണ്ടതെന്നും എന്തിനാണ് ജീവിക്കേണ്ടതെന്നും പറഞ്ഞുതന്നു. അതിനാണ് പ്രവാചകന്മാരെ ഭൂമിയിലേക്ക് നിയോഗിച്ചത്. ഈ ദൈവിക നിയമമനുസരിച്ച് ജീവിക്കുക എന്നാൽ അത് പ്രകൃതിനിയമമായിട്ടാണ് പഠനങ്ങളിലൂടെ മനസ്സിലാകുന്നത്. ഒരു ശക്തിയുമില്ലാത്തതിനോട് ചോദിക്കുക എന്നതിൽ ബുദ്ധിയില്ല, തത്വവുമില്ല. ബുദ്ധിയുള്ള മനുഷ്യനെ സംബന്ധിച്ച് ചില വിഷയങ്ങൾ അവനറിഞ്ഞ് കൂട. അടുത്ത നിമിഷത്തെ കുറിച്ചറിഞ്ഞ് കൂടാ. അതിനാൽ തന്നെ മനുഷ്യനെ സൃഷ്‌ടിച്ച അവനെകുറിച്ച് ശരിക്കറിയുന്ന ശക്തിയോട് ചോദിക്കുക എന്നതല്ലെ ശരിയായത്? അല്ലാഹുവിനോട് നന്ദികേട് കാണിക്കുന്നവൻ തീർച്ചയായും പ്രകൃതിനിയമത്തിനെതിരിൽ പ്രവർത്തിക്കുന്നവനാകുന്നു. ദൈവം നിഷിദ്ധമാക്കിയ ഏതൊരു വിഷയവും മനസ്സിലാക്കിയാൽ ദൈവികമതം എന്നത് മനുഷ്യ പ്രകൃതിക്കനുസരിച്ചുള്ള മതമാന്നെന്ന് മനസ്സിലാക്കാം.

- മൈപ് -
_____________________________________

ദൈവം

ദൈവത്തിൽ വിശ്വസിക്കുന്നവരാണ് ലോകത്ത് അധികപേരും. അധികപേരും പലരീതിയിലും പലതിനേയും ദൈവമായി കാണുന്നു. ഈ ലോകം തനിയെ ഉണ്ടായതാണെന്ന് വളരെ കുറച്ച് ആളുകളെ കരുതുന്നുള്ളു. നടന്ന് പോകുന്നവഴിയിൽ കുറച്ച് ചാണകം കണ്ടാൽ നമുക്ക് അറിയാം അത് ഏത് മൃഗത്തിന്റെതാണെന്ന്. അത്പോലെ തന്നെ ഏത് വസ്തുക്കളെ വിലയിരുത്തിയാലും അത് എങ്ങിനെ രൂപപെട്ടതാണെന്നും ആരാണ് അതിന് കാരണക്കാരനെന്നും നമുക്ക് മനസ്സിലാക്കാൻ പ്രയാസമില്ല. അപ്പോൾ ഈ കാണുന്ന പ്രപഞ്ചം അത് എങ്ങിനെ രൂപപെട്ടു, അതിനുള്ള കാരണക്കാരനാര് എന്നോക്കെ മനസ്സിലാക്കിയാൽ യഥാർത്ഥ സൃഷ്ടാവിനെ കണ്ടെത്താൻ കഴിയും. ഇന്ന് ശാസ്ത്രം പറയുന്നു, ബിഗ് ബാംങ് എന്ന തിയറിയുടെ അടിസ്ഥാനത്തിൽ ഒരൊറ്റ പൊട്ടിതെറിയോടെയാണ് ഈ പ്രപഞ്ചവും അതിലെ നക്ഷത്രങ്ങളും ഗ്രഹങ്ങളും രൂപപെട്ടതെന്ന്. ഈ സത്യം വളരെ നേരത്തെ തന്നെ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം നമ്മോട് പറയുന്നു. ഒരു സൃഷ്ടി കർത്താവിനല്ലാതെ അടിസ്ഥാനമായി ഇങ്ങിനെ ഒരു സത്യം വെളിപ്പെടുത്താൻ കഴിയില്ല. നമ്മൾ വസിക്കുന്ന ഭൂമിയും അതിലെ മനുഷ്യന്റെ ബുദ്ധിക്ക് ചിന്തിക്കാൻ കഴിയാത്ത പല വസ്തുക്കളെ കുറിച്ചും ദൈവം വേദപുസ്തകത്തിലൂടെ നമ്മോട് പറയുന്നു. ഭൂമിയുടെ രൂപവും മലകളുടെ നിർമ്മിതിയും ശുദ്ധ ജലവും ഉപ്പ് ജലവും കലരാതെ ഒഴുകുന്നതിനെ കുറിച്ചും അങ്ങിനെ ഈ ഭൂമുഖത്തുള്ള പല രഹസ്യ സ്വഭാവങ്ങളും അതിന്റെ സൃഷ്‌ടാവിനല്ലാതെ പറഞ്ഞുതരിക സാധ്യമല്ല. അങ്ങിനെ നാം ഈ പ്രപഞ്ചത്തെയും അതിന്റെ ഉത്ഭവവും നിർമ്മിതിയും കണ്ടെത്തുമ്പോൾ പ്രപഞ്ചത്തിലെ സൃഷ്ടി ചരാചരങ്ങളുടെ നാഥനേയും നാം കണ്ടെത്തുന്നു. ആ സൃഷ്ടികർത്താവ് ഒന്ന് തന്നെ. ഒന്നിൽ കൂടുതൽ ശക്തികളുണ്ടെങ്കിൽ പ്രപഞ്ചത്തിന്റെ നിലനിൽ‌പ്പ് തന്നെ താറുമാറാകും. പല ശക്തികളും പലരീതിയിലുള്ള നിയന്ത്രണങ്ങളാണ് ചെയ്യുന്നതെങ്കിൽ പ്രകൃതി എന്ന ഒരു നിയമം ഉണ്ടാവില്ല. പ്രകൃതിയിൽ ഒന്ന് മറ്റൊന്നിനെ ആശ്രയിക്കുന്ന ഒരേ ദിശയിലുള്ള ന്യൂതനമായ സൃഷ്ടിപ്പ് നടത്തണമെങ്കിൽ ഒരു അജയ്യ ശക്തിക്ക് മാത്രമെ കഴിയൂ. അല്ലായിരുന്നെങ്കിൽ പലതിനും വ്യത്യസ്ഥമായ ശക്തിയും ഒരു ശക്തി മറ്റൊന്നിനോട് ഏറ്റുമുട്ടുന്ന പ്രവണതയും സംഭവിക്കണം. സർവാധികാരം എന്നത് ദൈവത്തിന്റെ മഹത്വമായ ഗുണമാണ്. ഈ ഗുണത്തിന് ഒന്നിൽ കൂടുതൽ ശക്തികളുണ്ടായാൽ ഏറ്റു മുട്ടലുകൾ സംഭവിക്കണം. പ്രപഞ്ചത്തിലെ ഓരോന്നും മറ്റൊന്നിനെ ആശ്രയിക്കത്തക്കവണ്ണം ഇരട്ടകളായും ഇണകളായുമാണ് സൃഷ്ടിക്കപെട്ടിട്ടുള്ളത്. ഏകനായി ഒരൊറ്റ സൃഷ്‌ടികർത്താവും. ഈ സൃഷ്ടികർത്താവിനെയാണ് നാം അല്ലാഹു എന്ന് വിളിക്കുന്നത്.

- മൈപ് -
________________________________

വിശ്വാസം

ചെറുപ്പത്തിൽ ചെമ്മാട്ടങ്ങാടിയിൽ സ്കൂൾവിട്ട് ബസ്സ് കാത്തുനിൽകുമ്പോൾ അന്ധനായ ഒരാൾ മദീന ടെക്സ്റ്റൈൽസിൽ അബ്ദുൽ ഖാദറെ എന്ന് വിളിച്ച് കയറുന്ന രംഗം ഇന്നും മനസ്സിലുണ്ട്. ചെറുപ്പത്തിലെ കാഴ്ച്ച നഷ്ടപെട്ട ആ അന്ധന് എങ്ങിനെയാണോ ചെമ്മാട്ടങ്ങാടിയും മദീന ടെക്സ്റ്റൈത്സും അതിലെ കച്ചവടക്കാരനായ അബ്ദുൽ ഖാദറിനെയും അറിയുന്നത്, അത്പോലെതന്നെ ഒരോ മനുഷ്യനും അവന്റെ സൃഷ്ടാവിനെ അറിയും. ഈ ലോകത്തുള്ള എല്ലാ വസ്തുക്കളും ഒരോ അബ്ദുല്ലയാണ്. അവയൊക്കെ ദൈവത്തിന്റ് നിയമമനുസരിച്ച് നിലനിൽക്കുകയും ചെയ്യുന്നു. ഇവിടെ കാഴ്ച്ചയില്ലാത്ത വ്യക്തി അബ്ദുല്ലാഹ് എന്ന് വിളിക്കുന്നത് അവിടെ അബ്ദുല്ല ഉണ്ടാകുമെന്ന് വിശ്വാസത്തോടെയാണ്. കണ്ടനുഭവിച്ചല്ല വിളിക്കുന്നത്. വിശ്വാസം എന്ന് പറഞ്ഞാൽ ഒരു സംഗതി ഉണ്ടെന്ന് മനസ്സ് കൊണ്ട് സ്ഥിരപെടുത്തുക എന്നതാണ്. ഞാൻ കണ്ടതെ വിശ്വസിക്കുകയുള്ളു എന്ന് പറയുന്നതിൽ ‘വിശ്വാസമില്ല‘. കാണുന്നതോടെ അവൻ അനുഭവിച്ചറിയുന്നു. അപ്പോൾ അനുഭവിച്ചറിയാൻ കഴിയാത്ത തെളിവിന്റെ അടിസ്ഥാനത്തിലുള്ള അംഗീകാരമാണ് വിശ്വാസം.

വിഗ്രഹ ആരാധകരായ ജനതയോട് ഇബ്രാഹീം (അ) സൂര്യനെ നോക്കി പറഞ്ഞു, അതാണ് എന്റെ ദൈവമെന്ന്. അവിടെ സൂര്യനെന്ന് പറയുന്ന ദൈവത്തെ വിശ്വസിക്കേണ്ടതില്ല, കണ്ടനുഭവിക്കുകയെ വേണ്ടൂ. ഇനി സൂര്യനെ ആരാധിക്കുന്നവർ ദൈവമെന്ന് പറയപെടുന്നതിന്റെ ശക്തിയെയാണ് വിശ്വസിക്കുന്നത്, കണ്ടനുഭവിച്ച രൂപത്തെയല്ല എങ്കിൽ അതിന്റെ അദൃശ്യമായ ശക്തിയെ കുറിച്ച് വിശ്വാസം എന്ന് പറയാം. എന്നൽ ദൈവം എന്നത് രൂപത്തിൽ കണ്ട് മനസ്സിലാക്കി അതിന്റെ ശക്തിയിൽ മാത്രം അനുഭവിച്ചറിയാതെയുള്ള വിശ്വാസമാണെങ്കിൽ ഒരോ രൂപത്തിനും അതിന്റെതായ കഴിവുകളെ ഉള്ളു. സൂര്യന്റെ ശക്തിയെ കുറിച്ച് ഇന്ന് ശാസ്ത്ര ലോകത്തിന് ഏകദേശരൂപമുണ്ട്. അത്കൊണ്ട് തന്നെ അത്തരത്തിൽ കണ്ട് ജീവിതത്തിൽ അനുഭവിച്ച് ജീവിക്കുന്നവരെ വിശ്വാസികളെന്ന് പറയാനാവില്ല. തത്ത്വഞാനിയും ദൈവ ദൂതനുമായ ഇബ്രാഹീ (അ) സൂര്യൻ അസ്തമിച്ചതോടെ നമ്മിൽ നിന്നും മറഞ്ഞ് പോകുന്ന ദൈവത്തെ വേണ്ടന്നും എന്നും ഒപ്പമുണ്ടാകുന്നതും അജയ്യനുമായ ശക്തിയെ ആണ് വേണ്ടതെന്നും പറഞ്ഞ് ജനങ്ങൾക്ക് യഥാർത്ഥ ദൈവത്തെ മനസ്സിലാക്കികൊടുത്ത് വിശ്വാസം സ്ഥാപിക്കുന്നു.

വിശ്വാസം ദാർശനികമായി തലമുറകളായി കൈമാറിവന്നതും നിർവചിക്കപെട്ടതുമായ അറിവാണ്. വിശ്വാസവും അറിവും തമ്മിലുള്ള ബന്ധം വിശ്വാസമെന്നത് അറിവാണ്. വിശ്വാസം സത്യമാണെങ്കിൽ വിശ്വാസികൾക്ക് വിശ്വാസത്തിനുള്ള തെളിവോട് കൂടിയ കാര്യ കാരണബന്ധത്തിലധിഷ്ടിതമായ ന്യായീകരണങ്ങളുണ്ടാവും. തെറ്റായ വിശ്വാസം ഒരറിവായി പരിഗണിക്കില്ല, അത് സത്യമാണെന്ന് തോന്നുന്നുവെങ്കിൽ പോലും. ഫ്ലാറ്റ് എർത്ത് തിയറി പറയുന്നത് പോലെ, ഭൂമിയിൽ ജീവിക്കുന്നവർക്ക് പരന്നതാണെന്ന് തോന്നുന്നെങ്കിലും അത് വിശ്വാസമാണ്. സത്യമല്ല.

സത്യവിശ്വാസം എന്നത് സംശയ രഹിതമായ അസ്‌തിത്വം ബുദ്ധിപരമായി പ്രതിപാദിക്കുക എന്നതാണ്.

- മൈപ് -
________________________________________