Thursday, July 26, 2012

ശീലിക്കുക, ശീലങ്ങളെ മാറ്റിയെടുക്കുക.


‘സൌം‘ അഥവാ നോമ്പ് എന്നാൽ ‘ഇംസാക്‘ എന്ന അർത്ഥത്തിൽ ‘പിടിച്ചു നിർത്തുക‘ എന്നതാണ്.  ത്യാഗവും നിരാസവും നോമ്പിന്റെ ചൈതന്യമാണ്‌. അത്യാവശ്യമായതു പോലും താല്‌ക്കാലികമായി ത്യജിക്കുക, ആഗ്രഹങ്ങള്‍ക്ക്‌ മുന്നില്‍ പിടിച്ചുനില്‍ക്കുക. ഇതൊക്കെയാണ്‌ വ്രതത്തിന്റെ പൊതുസ്ഥിതി.

നോമ്പ് ഇച്ഛകളെ സംസ്കരിച്ചെടുക്കുന്നു. ദേഹേച്ഛകളെ വെടിയുവാനും തെറ്റുകളിൽ നിന്ന് അകന്നു നിൽക്കാനും പരിശീലനം ലഭിക്കുന്നു. സ്വഭാവത്തെ കീഴടക്കാനും മനസ്സിന് ഇഷ്ടമായതും ഭംഗിയായി തോന്നുന്നതുമായ കാര്യങ്ങളെ നിയന്ത്രിക്കാനും ജീവിതത്തിൽ ചിട്ടയും കണിശതയും പുലർത്താൻ സഹായകമാകുന്നു.

മനുഷ്യ സ്വഭാവത്തിൽ പ്രത്യേകമായികാണുന്ന ചില രീതികളാണ് ശീലങ്ങൾ. ജന്മ വാസനകളും ശീലങ്ങളായി മാറാവുന്നതാണ്. അതിൽ നല്ല ശീലങ്ങളുണ്ട്, ദുശീലങ്ങളുണ്ട്. നല്ല ശീലങ്ങളെ വളർത്തിയെടുക്കാനു ദുശീലങ്ങളെ തിരുത്തുന്നതിനും നോമ്പുകൊണ്ട് സാധ്യമാവുന്നു.

സാധാരണ ഗതിയിൽ മൂന്നാഴ്ച്ചകൊണ്ട് നല്ല ശീലങ്ങൾ ജീവിത സ്വഭാവത്തിന്റെ ഭാഗമായി സൃഷ്ടിച്ചെടുക്കാമെന്നാണ്. നല്ല ശീലങ്ങൾ സ്വീകരിക്കുകയും ചീത്ത ശീലങ്ങളെ ഒഴിവാക്കുന്നതിനും നോമ്പുകാലത്തെ നാം ഉപയോഗിക്കേണ്ടതുണ്ട്. ഒരു ശീലവും ശാശ്വതമായി നില നിൽക്കുന്നില്ല. പുകവലി ജന്മസിദ്ധമായ ശീലമല്ല. പരിതസ്ഥിതികളുടെ പ്രേരണകൊണ്ടാണ് അതൊരൂ ശീലമായി മാറുന്നത്. നല്ല മനസാന്നിദ്ധ്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും റംസാൻ മാസത്തിലൂടെ പുകവലി തുടങ്ങിയ ദുശീലങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാനാവുന്നതാണ്.

ഒരു ശീലം ജീവിതത്തിന്റെ ഭാഗമായി മാറിയാൽ പിന്നീടുള്ള ജീവിതത്തിൽ അത് യാന്ത്രികമായി തന്നെ നടന്നു കൊള്ളും. കൃത്യമായി പള്ളിയിലേക്ക് പോയി നമസ്കരിക്കുന്നത് നോമ്പിലൂടെ ശീലമാക്കിയാൽ തുടർന്നുള്ള കാലം പ്രത്യേക പ്രയത്നമോ പ്രയാസമോ കൂടാതെ തന്നെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുവരാൻ സാധിക്കും. നോമ്പ് ശരിയായ ചിട്ടയോടുകൂടി നിർവഹിക്കുകയാണെങ്കിൽ ജീവിതത്തിലെ സകല മേഖലകളിലും അത് പ്രതിഫലിക്കും.

മനുഷ്യന് മൂന്ന് തരം ശീലങ്ങളുണ്ട്. അവയെല്ലാം തന്നെ നോമ്പിലൂടെ മനുഷ്യന് ആർജ്ജിക്കാനാവുന്നതാണ്.

ശാരീരിക ശീലങ്ങൾ : സംസാരത്തിലും നടത്തത്തിലും നോട്ടത്തിലും ഭാവപ്രകടനത്തിലുമെല്ലാം കാണാവുന്ന ഈ ശീലം ശാരീ‍രികാവയവങ്ങളുടെ ഉപയോഗത്തിലൂടെയാണിത് പ്രകടമാകുന്നത്. അഹങ്കാരത്തോട് കൂടി നടക്കാതിരിക്കുക, അനുവദിക്കപെടാത്തവയിൽ നിന്നും ദൃഷ്ടികൾ താഴ്ത്തുക, ഉച്ചത്തിൽ സംസാരിക്കാതിരിക്കുക തുടങ്ങിയ കുറേ ശീലങ്ങളുണ്ട്. നോമ്പുകാരന്റെ വായയുടെ ഗന്ധം അന്ത്യനാളിൽ അല്ലാഹുവിങ്കൽ കസ്തൂരിയേക്കാൾ സുഗന്ധപൂരിതാമാണ് തുടങ്ങിയ കുറേ നബി വചനങ്ങൾ കാണാവുന്നതാണ്. 

സ്വഭാവ ശീലങ്ങൾ : അനുസരണം,സത്യം പറയുക, ഔദാര്യം സഹിഷ്ണുത, സഹാനുഭൂതി, കൃത്യനിഷ്ഠ, വൃത്തി തുടങ്ങിയ നല്ല സ്വഭാവശീലങ്ങളെ വളർത്തിയെടുക്കാനും മുൻ‌കോപം, അസൂയ, വിദ്വേഷം, അഹങ്കാരം തുടങ്ങിയ  ചീത്ത സ്വഭാവ ശീലങ്ങളെ ഒഴിവാക്കാനും സാധ്യമാകുന്നു.

വിചാര ശീലങ്ങൾ : വിചാരശീലമാണ് പ്രവർത്തനങ്ങളിൽ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്നത്. സൂക്ഷ്മത പുലർത്തുക, സ്വന്തത്തിനും സാമൂഹത്തിനും നന്മക്ക് വേണ്ടി ചിന്തിക്കുക, നിരീക്ഷിക്കുക, പരിശോധിക്കുക, കാര്യകാരണങ്ങൾ അന്വേഷിക്കുക തുടങ്ങിയ വിചാര ശീലങ്ങൾ ജീവിതത്തിന്റെ ഭാ‍ഗമാക്കുന്നതിന് വേണ്ടി സകാത്ത്, ദാന ധർമ്മങ്ങൾ, ഫിത്വ്ർ സകാത്ത് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുടുംബ സാമൂഹിക വിഷയങ്ങളിൽ മനുഷ്യനെ ബന്ധിപ്പിക്കുന്നു.

നബി(സ)യുടെ അടുക്കൽ ഒരിക്കൽ ഒരാൾ വന്നു പറഞ്ഞു; ഒരു പ്രവർത്തിയെ കുറിച്ച് എനിക്ക് പറഞ്ഞു തരണം. ഞാനതു ചെയ്താൽ അല്ലാഹു എന്നെ ഇഷ്ടപെടണം; ജനങ്ങളും. നബി(സ) പറഞ്ഞു, ലൌകിക കാര്യങ്ങളിൽ (ദുൻ‌യാവ്) നീ വിരക്തി കാണിക്കുക. എന്നാൽ അല്ലാഹു നിന്നെ ഇഷ്ടപെടും. ജനങ്ങളുടെ പക്കലുള്ളതിനോടും നീ വിരക്തി കാണിക്കുക, എന്നാൽ ജനങ്ങളും നിന്നെ ഇഷ്ടപെടും. കുറച്ച് സ്വപ്നങ്ങളും കുറച്ച് മോഹങ്ങളും മാത്രം മതി. അത് ജീവിതത്തിൽ സംതൃപ്തിയും സമാധാനവും പ്രധാനം ചെയ്യും. ലൌകിക ജീവിതത്തോടുള്ള വിരക്തി എന്നാൽ ജീവിതത്തിന് ആവശ്യമായതൊന്നും വേണ്ടന്നു വെക്കലല്ല, ജീവിത പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുകയുമല്ല, നബി(സ) പഠിപ്പിച്ചു, പരുത്തതും പരുക്കനുമായ വസ്ത്രങ്ങൾ ധരിക്കലല്ല വിരക്തി, നല്ല ഭക്ഷണം കഴിക്കാതിരിക്കലുമല്ല, മോഹങ്ങളെ നിയന്ത്രിക്കലാണ്.


തേജസ് @ ജൂലൈ 26, 2012