Friday, September 26, 2014

വിനോദവാർത്തകൾ വിലയ്ക്കു വാങ്ങുന്നവർ

"And of mankind is he who purchases idle talks to mislead (men) from the path of Allaah..." [Luqmaan 31:6]. ഇതിൽ പറഞ്ഞത് “യാതൊരു അറിവുമില്ലാതെ ദൈവമാർത്തിൽ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീർക്കുവാനും വേണ്ടി വിനോദവാർത്തകൾ വിലയ്ക്കു വാങ്ങുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാർക്കാണ് അപമാനകരമായ ശിക്ഷയുള്ളത്.“  ഈ ആയത്തിനെ എന്തിനാണ് മ്യൂസിലേക്ക് ചുരുക്കികെട്ടുന്നത്? എല്ലാത്തിലും ഹറാമും ഹലാലും ഉണ്ട്.

അവർ ഒരു കച്ചവടമോ വിനോദമോ കണ്ടാൽ അവയുടെ അടുത്തേക്ക് പിരിഞ്ഞ് പോകുകയും നിന്നനിൽപിൽ നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്. നീ പറയുക: അല്ലാഹുവിന്റെ അടുക്കലുള്ളത് വിനോദത്തെക്കാളും കച്ചവടത്തെക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനാകുന്നു. ഖുർആൻ, ജുമുഅ: 11, ഇവിടെ കച്ചവടത്തിന്റെ കൂടെയാണ് അല്ലാഹു വിനോദത്തെ ചേർത്തുപറഞ്ഞിരിക്കുന്നത്. ഒരു ഹലാലിന്റെ കൂടെ ഹറാമും ചേർത്തുപറയാറില്ല, കച്ചവടം ഹലാലാണ് എന്നതിൽ ആർക്കും എതിരഭിപ്രായമില്ലല്ലൊ. അപ്പോൾ വിനോദത്തെ വിലക്കുമാങ്ങുന്നവർ എന്നതിന്റെ ഉദ്ദേശ്യം അത് ദൈവമാർഗത്തിൽ നിന്നും തെറ്റിച്ചു കളയുന്നതും പരിഹാസ്യമാക്കുന്നതും എന്ന് സൂറത്തുൽ ലുഖ്‌മാനിലെ ആയത്തിൽ തന്നെ വ്യക്തമാക്കപെട്ടതാണ്.

കവിതകൾ:
കവിതയെ ഖുർആൻ വിമർശിച്ചിട്ടുണ്ട്, അത് അല്ലാഹുവിന്റെ ആയത്തുകളെ പരിഹാസമാക്കുന്ന കവിതകളെ കുറിച്ചാണ്. “കവികളാകട്ടെ, ദുർമാർഗികളാകുന്നു അവരെ പിൻപറ്റുന്നത്. സൂറത്ത് ശുഅറാഅ് (കവികൾ) :224, ഈ ആയത്തിൽ ആക്ഷേപിക്കുന്നത് ദുർമാർഗികളായ കവികളെയാണ്. കാൽപനിക വര്ണടനയുള്ള കവിതകളൊക്കെ ദുഷിച്ചതാണെന്നല്ല ഇതിൽ നിന്ന്‌ ഗ്രഹിക്കാവുന്നത്‌, തുടർ ആയത്തിൽ അത് വ്യകത്മാണ്.  അറേബ്യയിലുണ്ടായിരുന്ന പ്രശസ്ത കവി കഅ്ബുബ്നു സുഹൈർ തന്റെ വാഗ്വിലാസത്തിന്റെ വാൾമുനകൊണ്ട് പ്രവാചകനെ കുത്തി നോവിച്ചു, മക്കാവിജയ ശേഷം ഇനി പ്രവാചകനിൽ അഭയംതേടുകയല്ലാതെ രക്ഷിയില്ലെന്ന് കണ്ടു വേഷപ്രച്ഛന്നനായി നബിയുടെ സദസ്സിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട്. ‘ബാനത് സുആദ്‘ എന്നു തുടങ്ങുന്ന പ്രസിദ്ധമായ പ്രവാചക കീർത്തനകാവ്യം അദ്ദേഹം പരസ്യമായി ആലപിച്ചു ഇസ്ലാം സ്വീകരിച്ചു. നബി സന്തുഷ്ടനായി അദ്ദേഹത്തിനഭയം നൽകി. മനോഹരമായ ഈ പ്രവാചക മദ്ഹ് ഗാനം ഭാഷാപഠിതാക്കൾക്ക് ഇന്നും ഒന്നാന്തരം സാഹിത്യകൃതിയാണ്. ബാനത്‌ സുഊദു എന്ന കാവ്യത്തിന്റെ ആദ്യ വരിതന്നെ കാമുകിയെ സംബന്ധിച്ച കാൽപനിക വർണ്ണനയാണ്‌. എന്നിട്ടും നബി(സ) അദ്ദഹേത്തെ അഭിനന്ദിക്കുകയാണുണ്ടായത്‌. പ്രവാചക സദസ്സിൽ നിന്നംഗീകാരം ലഭിച്ചതിനെക്കാൾ നല്ല പ്രവാചക മദ്ഹ് വേറെയില്ലല്ലോ, എന്നീട്ടും നബി അംഗീകരിച്ച ഒരു കീർത്തന കാവ്യമായി പുണ്യത്തിനു പാരായണം ചെയ്തിട്ടില്ല, ചെയ്യാവതുമല്ല. പക്ഷെ ഇസ്ലാം അത്തരം കവിതകളെ നിരുത്സാഹപെടുത്തുന്നില്ല. ബുആസ്‌ യുദ്ധത്തിൽ കൊല്ലപ്പെട്ട പൂര്വിലകരെ വാഴ്‌ത്തുന്ന കവിത തന്റെ വീട്ടിൽ വെച്ചു ചൊല്ലിക്കൊള്ളാന്‍ നബി(സ) അനുവദിച്ചുവെന്ന്‌ പ്രാമാണികമായ ഹദീസ് ഇതിനോട് ചേർത്തുവായിക്കേണ്ടതാണ്.

കവിതയിൽ നല്ലതും ചീത്തയും. നല്ലതു പ്രോത്സാഹിപ്പിക്കുകയും ചീത്തയെ എതിര്ക്കു കയും ചെയ്തു. കവിതയെ കുറിച്ചു നബി(സ) പറഞ്ഞു: ”അതു ഒരിനം ഭാഷണമാണ്. അതില്‍ നല്ലതു നല്ലതു തന്നെ. ചീത്ത ചീത്തയും. (ദാറഖുത്‌നി, ഹാകിം, ബൈഹഖി) ”കവിതയില്‍ തത്വജ്ഞാനമുണ്ട്. സാഹിത്യത്തിൽ ഇന്ദ്രജാലവുമുണ്ട്.” (ബുഖാരി, മുസ്‌ലിം) സാഹിത്യ സംപുഷ്ടവും ആശയ പ്രധാനവുമായ നല്ല കവിതകൾക്ക് നബി(സ) അംഗീകാരം നൽകിയതിനു ധാരാളം രേഖകളുണ്ട്. പ്രമുഖ സ്വഹാബി ശരീദ്(റ) ഒരു ദിവസം നബി(സ)യുടെ സഹയാത്രികനായി വാഹനപ്പുറത്തു പോകുമ്പോള്‍ അവിടുന്നു ചോദിച്ചു: ”ഉമയ്യത്തുബ്‌നു അബീസ്വല്ത്തി ന്റെ കവിതകള്‍ വല്ലതും നിന്റെ വശത്തുണ്ടോ?” ഉണ്ടെന്നദ്ദേഹം മറുപടി പറഞ്ഞു. ”എങ്കില്‍ വരട്ടെ” -നബി(സ) പറഞ്ഞു. ഒരു വരി പാടിക്കേൾപ്പിച്ചപ്പോൾ വീണ്ടും വരട്ടെ എന്നു പറഞ്ഞു. അങ്ങനെ നൂറുവരികള്‍ കേൾപ്പിക്കുകയുണ്ടായി (മുസ്‌ലിം). നല്ല പാട്ട്, കവിത എന്നിവ രചിക്കുന്നതും ശ്രദ്ധിച്ചു കേൾക്കുന്നതും അനുവദനീയമാണ്. 

ഉപദ്രവകരമായ ആക്ഷേപം, അസത്യകാര്യങ്ങള്‍ പറഞ്ഞു പ്രശംസിക്കൽ, അന്യസ്ത്രീയെ വ്യക്തിപരമായി വര്ണിപക്കൽ ഭാര്യയുടെ ഗോപ്യമായ ശരീരഭാഗങ്ങളെയൊ ദാമ്പത്യ രഹസ്യങ്ങളോ അവൾക്കു  വിഷമം നേരിടുന്നവിധം വർണ്ണിക്കൽ, കൗമാരപ്രായത്തിലുള്ള സുന്ദരനെ വർണ്ണിക്കൽ, നരകാവകാശിയെന്ന് ഉറപ്പില്ലാത്തവനെ വ്യക്തിപരമായി ശപിക്കൽ എന്നിവയടങ്ങിയ കവിതയും ഗാനവും രചിക്കലും പാടലും ശ്രദ്ധിച്ചുകേൾക്കലും നിഷിദ്ധമാണ്. (ഇമാം മാവർദി(റ):തുഹ്ഫ 10/223). 

കഥകൾ:
ഇന്നത്തേതു പോലുള്ള ചെറുകഥകളോ നോവലുകളോ നബി(സ)യുടെ കാലത്ത്‌ ഉണ്ടായിരുന്നില്ല. എന്നാലും അക്കാലത്ത്‌ പലതരം കഥകൾ അറബികള്ക്കിനടയിൽ പ്രചരിച്ചിരുന്നു. അവയിൽ ചിലത്‌ അവരുടെ പൂര്വി്കര്ക്കി ടയിൽ നടന്ന യുദ്ധങ്ങളുടെ കഥകളായിരുന്നു. ചിലത്‌ യഥാര്ഥലത്തിൽ നടന്ന സംഭവങ്ങളുടെ വിവരണമായിരുന്നു. ചില കഥനങ്ങൾ കുറച്ചൊക്കെ അതിശയോക്തി കലര്ന്നരതായിരുന്നു. ചിലതാകട്ടെ അസാത്വീര്‍ (കെട്ടുകഥകൾ/ഐതിഹ്യങ്ങൾ) എന്ന വിഭാഗത്തിൽ പെട്ടവയും. ഇത്തരം കഥകൾ കേള്ക്കു കയോ പറയുകയോ ചെയ്യരുതെന്ന്‌ നബി(സ) കര്ശപനമായി വിലക്കിയതായി പ്രാമാണികമായ ഹദീസുകളിൽ കാണുന്നില്ല. സംഭവിച്ചിട്ടില്ലാത്ത ഒരു കാര്യം സംഭവിച്ചുവെന്ന്‌ ധരിപ്പിക്കാനോ വിശ്വസിപ്പിക്കാനോ ഉദ്ദേശിച്ച്‌ പറയുന്നതാണ്‌ കള്ളം. കഥ, കവിത തുടങ്ങിയ കാല്‌പനിക സാഹിത്യങ്ങളിൽ, ഇല്ലാത്തത്‌ ഉണ്ടെന്ന്‌ വിശ്വസിപ്പിക്കുക എന്ന ഉദ്ദേശ്യമില്ല. അത്‌ കേവലം ഭാവനയുടെ ആവിഷ്‌കാരം മാത്രമാണെന്ന്‌ അതിനെക്കുറിച്ച്‌ ധാരണയുള്ളവര്ക്കെ ല്ലാം അറിയാം.

അഭ്യാസ പ്രകടനങ്ങൾ:
ആഇശ(റ) നിവേദനം: “ഒരു ദിവസം നബി(സ) എന്റെ മുറിയുടെ വാതിൽക്കൽ നിൽക്കുന്നത്‌ ഞാന്‍ കണ്ടു. അബ്‌സീനിയക്കാർ അന്നേരം പള്ളിയിൽ അഭ്യാസപ്രകടനം നടത്തുകയായിരുന്നു. തിരുമേനി(സ) തട്ടംകൊണ്ട്‌ അവർ എന്നെ കാണാതെ മറച്ചു. ഞാന്‍ അവരുടെ കളി നോക്കിക്കൊണ്ടിരുന്നു.“ അതൊരു പെരുന്നാൾ ദിവസമായിരുന്നു. (ബുഖാരി)


സംഗീതം:
ഇസ്ലാമിൽ സംഗീതത്തിന് അംഗീകാരമുണ്ട്, എന്നാൽ ഏറെ നിയന്ത്രണങ്ങളുണ്ട്. അറേബ്യയിൽ അന്നുണ്ടായിരുന്ന സംഗീത ഉപകരണങ്ങൾ എന്തൊക്കെയായിരുന്നു എന്നും അതിൽ ഏത് ഉപകരണങ്ങൾക്ക് നിയന്ത്രണമുണ്ടായത് എന്നും പരിശോധിക്കുകയാണെങ്കിൽ ചിത്രം ഏറെ വ്യക്തമാക്കപെടും. ഇസ്ലാമിക ലോകത്തുള്ള പണ്ഢിതന്മാരുടെ ഉദ്ദരണികളിൽ സംഗീതത്തിലെ ഹറാമും ഹലാലും വേര്തി്രിക്കുന്ന കര്മ ശാസ്ത്രരീതികൾ പരിശോധിക്കുമ്പോഴും കൃത്യമായ ഒരു ചിത്രം ലഭിക്കുകയില്ല. കാരണം, ഉപകരണങ്ങളുടെ ഭൗതികരൂപത്തെ അടിസ്ഥാനപ്പെടുത്തിയാണ് അവയെ നിർവചിക്കുന്നത്. ഉദാഹരണത്തിന് മധ്യവശം ഉള്ളിലേക്ക് വളഞ്ഞ ഉപകരണത്തിൽ നിന്നുള്ള ശബ്ദം ഹറാം, നിരന്ന പ്രതലത്തിൽ നിന്നുള്ളത് ഹലാല്‍ എന്നിങ്ങനെ. അതിനൊപ്പം സംഗീതം നിര്വനഹിക്കുന്ന ദൗത്യത്തെ ആശ്രയിച്ചും അതിന്റെ നിഷിദ്ധാനുമതികൾ വിശദീകരിക്കപ്പെടാറുണ്ട്.

മക്കയില്‍ നിന്ന് പലായനം ചെയ്ത് നബിയും സഹചാരി അബൂബക്കറും മദീനയിലെത്തുമ്പോൾ അവിടുത്തെ പെണ്കുകട്ടികൾ പാട്ടുപാടിയും ദഫ്മുട്ടിയുമാണ് അവരെ സ്വീകരിച്ചത്. അതേസമയം ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിയുന്ന തരത്തിലുള്ള കവിതയും സംഗീതവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.

ആഇശ(റ) പറയുന്നു: “അബൂബക്കർ(റ) കടന്നുവന്നു. അയ്യാമുത്തശ്‌രീഖിന്റെ ദിവസങ്ങളിലായിരുന്നു അത്‌. അപ്പോൾ രണ്ടു പെണ്കുറട്ടികൾ ദഫ്‌മുട്ടി പാടുന്നുണ്ടായിരുന്നു. ബുആസ്‌-ഔസും ഖസ്‌റജും ഏറ്റുമുട്ടിയ- യുദ്ധ ദിവസം അന്സ്വാറുകൾ പരസ്‌പരം അഭിമാനം പ്രകടിപ്പിച്ചു പാടിയ ഗാനങ്ങളായിരുന്നു അവ. നബി(സ) തന്റെ വസ്‌ത്രം കൊണ്ട്‌ പുതച്ചിരിക്കുകയായിരുന്നു. അവിടെ കടന്നുവന്ന അബൂബക്കർ(റ) അവർ രണ്ടുപേരെയും കണ്ണുരുട്ടി വിരട്ടി. അപ്പോൾ നബി(സ) മുഖം പുറത്തുകാട്ടി പറഞ്ഞു: താങ്കൾ അവരെ അവരുടെ പാട്ടിനുവിട്ടേക്കുക. ഇത്‌ നമ്മുടെ ആഘോഷദിവസമല്ലേ.“ (ബുഖാരി, മുസ്‌ലിം).

സാഇബുബ്‌നിൽ യസീദ് പറയുന്നു: നബി(സ)യുടെ അടുത്ത് ഒരു സ്ത്രീ വന്നു. അപ്പോൾ നബി(സ) ആഇശയോട് ചോദിച്ചു: ഇവള്‍ ആരാണെന്ന് നിനക്കറിയാമോ? ഇല്ലായെന്ന് ആഇശ(റ) മറുപടി പറഞ്ഞു. അപ്പോൾ നബി(സ) പറഞ്ഞു: ഇവർ ഇന്ന ഗോത്രക്കാരുടെ ഗായികയാണ്. നിനക്കവളെ കേള്ക്ക്ണമോ? വേണമെന്ന് ആഇശ(റ) മറുപടി പറഞ്ഞപ്പോൾ നബി(സ) അവർക്ക്  ഒരു സംഗീതോപകരണം നൽകി, അവൾ അതുപയോഗിച്ച് പാട്ടുപാടുകയും ചെയ്തു (അഹ്മദ്). ബുറൈദ അൽ അസ്‌ലമിയില്നിെന്ന് നിവേദനം: നബി(സ) ഒരു യുദ്ധത്തിന് ശേഷം തിരിച്ചുവരികയായിരുന്നു. അപ്പോൾ ഒരു കറുത്ത വനിത പറഞ്ഞു: ദൈവദൂതരേ, അല്ലാഹു താങ്കളെ സുരക്ഷിതനായി തിരിച്ചെത്തിച്ചാൽ താങ്കള്ക്ക്ന മുന്നിൽ ദഫ്ഫ് മുട്ടി പാടുമെന്ന് ഞാന്‍ നേര്ച്ചുയാക്കിയിട്ടുണ്ട്. അപ്പോൾ തിരുമേനി അവളോടു പറഞ്ഞു: നീ നേര്ച്ചുയാക്കിയിട്ടുണ്ടെങ്കിൽ കൊട്ടിപ്പാടിക്കൊള്ളൂ. ഇല്ലെങ്കിൽ വേണ്ട. അപ്പോളവർ കൊട്ടിപ്പാടാന്‍ തുടങ്ങി (തുർമുദി).

അബൂമൂസ(റ)യിൽ നിന്ന് നിവേദനം: പ്രവാചകൻ(സ) അദ്ദേഹത്തോട് (അദ്ദേഹത്തിന്റെ ശ്രവണസുന്ദരമായ ഖുർആൻ പാരായണത്തെ അഭിനന്ദിച്ചു കൊണ്ട്) പറഞ്ഞു: "അബൂമൂസാ, താങ്കൾക്ക് ദാവൂദ് നബിയുടെ കുടുംബത്തിനു കിട്ടിയത് പോലെ സംഗീതോപകരണം (മിസ്മാർ) കിട്ടിയിട്ടുണ്ടല്ലോ." (ബുഖാരി, Volume 6, Book 61, Number 568) നിവേദനം ചെയ്ത ഒരു ഹദീസില്‍ ആഇശ പറയുന്നു: ഞാന്‍ ഒരു സ്ത്രീയെ അൻസാരിയുടെ മണവാട്ടിയായി ഒരുക്കി അയച്ചു. അപ്പോൾ തിരുമേനി ചോദിച്ചു: "ആഇശാ, അവരുടെ കൂടെ നേരമ്പോക്കിന് ഒന്നുമുണ്ടായിരുന്നില്ലേ? അൻസ്വാറുകൾക്ക്  നേരമ്പോക്ക് ഇഷ്ടമാണ്.'' (ബുഖാരി, അഹ്മദ്)

സംഗീതത്തിന്റെ വിഷയത്തിൽ മുസ്ലിംകൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. അഭിപ്രായ വ്യത്യാസമനുസരിച്ച് അവരുടെ പെരുമാറ്റത്തിലും മാറ്റം കാണും. ചിലർ എല്ലാതരം സംഗീതവും കേൾക്കും . അതൊക്കെ അല്ലാഹു അനുവദിച്ച നല്ല കാര്യമാണന്ന് പറയുന്നു. ചിലർ സംഗീതം കേൾക്കുമ്പോൾ തന്നെ റേഡിയോ ഓഫ് ചെയ്യും. അല്ലെങ്കിൽ ചെവിപൊത്തിപ്പിടിച്ച് പറയും: 'സംഗീതം പിശാചിന്റെ കുഴലൂത്താണ്. അനാവശ്യവുമാണ്. അത് ദൈവസ്മരണയിൽ നിന്നും നമസ്കാരത്തിൽ നിന്നും മനുഷ്യന്റെ ശ്രദ്ധ തിരിക്കും.' പാടുന്നത് സ്ത്രീയാണെങ്കിൽ പറയാനുമില്ല. അവരുടെ അഭിപ്രായത്തിൽ സ്ത്രീയുടെ ശബ്ദം ‏‏‏‏‏‏‏ സംഗീതമില്ലാതെ തന്നെ ‏‏‏‏‏ ഔറത്താ(നഗ്നത)കുന്നു. അപ്പോൾ സംഗീതത്തോടുകൂടിയാണെങ്കിൽ പറയാനുമില്ല. അതിന് ഖുര്ആെനിന്റെയും ഹദീസിന്റെയും തെളിവ് ഉദ്ധരിക്കുകയും ചെയ്യും.

ഇവരിൽ ചിലർ ഏതുതരം സംഗീതത്തെയും എതിർക്കുന്നവരാണ്. വാർത്തകൾക്ക് മുമ്പുള്ള ടൈറ്റിൽ മ്യൂസിക്, മൊബൈൽ ടോണുകൾ, അലാറം തുടങ്ങിയവ പോലും തെറ്റാണെന്ന് കരുതുന്നു.

മൂന്നാമതൊരു വിഭാഗം ഇവ രണ്ടിനും ഇടയിലുള്ളവരാണ്. അവർ ഇരുവശത്തേക്കും ചായും. ഗൌരവതരമായ ഈ വിഷയത്തിൽ പണ്ഡിതന്മാരിൽ നിന്ന് അവർ യുക്തമായ തീരുമാനം പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇത് മനുഷ്യരുടെ വികാരവും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടകാര്യവുമാണ്. ദൃശ്യശ്രാവ്യ മാധ്യമങ്ങൾ ജനങ്ങളുടെ വീടുകളില്‍ പ്രവേശിക്കുകയും മനുഷ്യർ നിര്ബെന്ധിതരായോ അല്ലാതെയോ അതിലെ പാട്ടും സംഗീതവും കേൾക്കാൻ ഇടയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

അസഭ്യം, അധാർമികത, പ്രേരിപ്പിക്കൽ എന്നീ കാര്യങ്ങൾ ഉൾക്കൊള്ളുന്ന എല്ലാ ഗാനവും ഹറാമാണെന്ന് അവർ യോജിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നു. കാരണം ഗാനം കേവലം വാക്കാണ്. അതിലെ നന്മ നന്മയും തിന്മ തിന്മയുമാണ്. ഹറാം ഉൾകൊള്ളുന്ന എല്ലാ വാക്കും ഹറാമാണ്. അപ്പോള്‍ അതിൽ വൃത്തവും രാഗവും ആകർഷണീയതയും ഉണ്ടാകുമ്പോൾ ഏതായാലും ഹറാമായിരിക്കും. എന്നാൽ ഉപകരണവും ദുഃസ്വാധീനവുമില്ലാത്ത പ്രകൃതിപരമായ ഗാനം ഹലാലാണെന്ന കാര്യത്തിൽ അവർ യോജിച്ചിരിക്കുന്നു. സന്തോഷാവസരങ്ങളിൽ സ്ത്രീ, അന്യപുരുഷന്മാരുടെ സാന്നിദ്ധ്യത്തിൽ പാടരുത് എന്ന നിബന്ധനയോടെ അതുപയോഗിക്കാം. കല്യാണം, യാത്ര കഴിഞ്ഞു തിരിച്ചുവരിക, പെരുന്നാൾ സുദിനങ്ങൾ എന്നിങ്ങനെ.

എന്നാൽ ഇതല്ലാത്ത സംഗീതങ്ങളുടെ കാര്യത്തിൽ അവർ ഭിന്നിച്ചിരിക്കുന്നു. സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയും അല്ലാതെയുമുള്ള എല്ലാ ഗാനങ്ങളും ചിലർ നിരുപാധികം അനുവദനീയമാക്കിയിരിക്കുന്നു. മാത്രമല്ല, അത് അഭികാമ്യമാണെന്നുകൂടി അവര്‍ അഭിപ്രായപ്പെടുന്നു. ചിലർ ഉപകരണത്തോടുകൂടി പാടരുതെന്നും ഉപകരണമില്ലാതെ അനുവദനീയമാണെന്നും പറയുന്നു. ചിലർ ഉപകരണമില്ലാതെയും ഉപകരണത്തോടുകൂടിയും ഹറാമാണെന്ന് പറഞ്ഞിരിക്കുന്നു. മാത്രമല്ല, അത് വന്പാപപത്തിൽ പെടുന്നതാണെന്നും പറഞ്ഞിരിക്കുന്നു.

ഹലാലാണ് അടിസ്ഥാനം
എല്ലാ കാര്യത്തിലും അടിസ്ഥാന നിയമം 'ഹലാല്‍' എന്നതാകുന്നു. ഖുർആനാണ് അതിന് തെളിവ്: "അവനാണ് നിങ്ങള്ക്ക്യ ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നത്'' (അല്ബ്ഖറ: 29). ഖുർആനിലോ ഹദീസിലോ ഇജ്മാഇലോ വ്യക്തമായി വിവരിക്കാത്ത ഒരു കാര്യം ഹറാമാണെന്ന് പറയാവതല്ല. മറിച്ചാണെങ്കിൽ അത് അനുവദനീയതയുടെ വിശാലമായ വൃത്തത്തിൽ പെടുന്നതാണ്. അല്ലാഹു പറയുന്നു: "നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയത് അവന്‍ നിങ്ങൾക്ക് വിശദമാക്കിത്തന്നിട്ടുണ്ടല്ലോ. നിങ്ങൾ (തിന്നുവാൻ) നിർബന്ധിതരായിത്തീരുന്നതൊഴികെ.'' (അൽ അൻഫാൽ: 119)

നബി(സ) പറഞ്ഞു: "അല്ലാഹു അവന്റെ ഗ്രന്ഥത്തിൽ ഹലാലാക്കിയത് ഹലാലാകുന്നു. ഹറാമാക്കിയത് ഹറാമുമാകുന്നു. മൌനം പൂണ്ടത് അനുവദനീയമാകുന്നു. അതുകൊണ്ട് നിങ്ങൾ അല്ലാഹുവില്നിനന്ന് അവന്‍ അനുവദിനീയമാക്കിയത് സ്വീകരിക്കുക. അല്ലാഹു ഒരു കാര്യവും വിസ്മരിക്കുന്നതല്ല.''എന്നിട്ട് തിരുമേനി ഓതി: "നിന്റെ രക്ഷിതാവ് മറക്കുന്നവനല്ല.'' (മറിയം:64)

തിരുമേനി വീണ്ടും പറഞ്ഞു: "നിശ്ചയമായും അല്ലാഹു ചില ഫർദുകൾ നിശ്ചയിച്ചിരിക്കുന്നു. അത് നിങ്ങൾ പാഴാക്കരുത്. ചില പരിധികൾ വെച്ചിരിക്കുന്നു. അത് നിങ്ങൾ ലംഘിക്കരുത്. ചില കാര്യങ്ങളെക്കുറിച്ച് മൌനം പൂണ്ടിരിക്കുന്നു, അത് നിങ്ങളോടുള്ള കരുണകൊണ്ടാണ്, മറന്നുപോയതുകൊണ്ടല്ല. അതുകൊണ്ട് നിങ്ങൾ അതിനെക്കുറിച്ച് അന്വേഷിക്കരുത്.'' ഇതാണ് അടിസ്ഥാന തത്വം.

സംഗീതം ഹറാമാണെന്ന് പറയുന്നവരുടെ ന്യായം
തിരുമേനി പറഞ്ഞു: "എന്റെ സമുദായത്തിൽ ഒരു വിഭാഗം ഉണ്ടാകും. അവർ വ്യഭിചാരവും പട്ടും മദ്യവും സംഗീതോപകരണവും ഹലാലായിക്കരുതുന്നവരാണ്.''

മേൽ പറഞ്ഞ ഹദീസ് ബുഖാരി ഉദ്ധരിച്ചതാണെങ്കിലും അതിന്റെ നിവേദക പരമ്പര പൂർണ്ണമല്ല. അതുകൊണ്ട് ഇബ്നു ഹസം അത് തള്ളിക്കളഞ്ഞിരിക്കുന്നു.
"വ്യർഥമായ വാക്കുകൾ കേട്ടാൽ അതിൽ നിന്നവർ തിരിഞ്ഞുകളയും'' (അൽ ഖ്വസസ്: 55) എന്ന സൂക്തവും അവർ തെളിവായി ഉദ്ധരിക്കുന്നു. സംഗീതം വ്യർഥമായ വാക്കായതുകൊണ്ട് അതിൽനിന്ന് പിന്തിരിയേണ്ടത് നിർബന്ധമാണ് എന്നാണവരുടെ വാദം. മേൽ പറഞ്ഞ സൂക്തത്തിലെ 'വ്യർഥനമായ വാക്ക്' എന്നത് സംഗീതം ഉൾകൊള്ളുന്നു എന്ന് സമ്മതിച്ചാൽ തന്നെ അതിൽ നിന്ന് ഒഴിഞ്ഞുനിൽക്കൽ സുന്നത്താണ്, നിർബന്ധമല്ല എന്ന് വരുന്നു.

ഇബ്നു ജുറൈജിൽ നിന്ന് നിവേദനം: അദ്ദേഹം സംഗീതം കേൾക്കുന്നതിന് ഇളവ് നല്കുനകയുണ്ടായി. അപ്പോൾ ഒരാൾ ചോദിച്ചു: അന്ത്യനാളിൽ അത് താങ്കളുടെ സൽകർമ്മങ്ങളിലോ അതോ ദുഷ്കർമ്മങ്ങളിലോ വരുക? അദ്ദേഹം പറഞ്ഞു: സൽകർമ്മങ്ങളിലുമല്ല, ദുഷ്കർമ്മങ്ങളിലുമല്ല. കാരണം, അത് വ്യർഥമായ വാക്കിനോട് സദൃശ്യമാണ്. അല്ലാഹു പറയുന്നു: "(ബോധപൂർവ്വമല്ലാതെ) വെറുതെ പറഞ്ഞുപോകുന്ന ശപഥ വാക്കുകൾ മൂലം അല്ലാഹു നിങ്ങളെ പിടികൂടുന്നതല്ല.“

മറ്റൊരു ഹദീസ്: "സത്യവിശ്വാസി ഏർപെടുന്ന എല്ലാ നേരമ്പോക്കും പ്രയോജനമില്ലാത്ത (ബാത്വിൽ)താകുന്നു. മൂന്ന് കാര്യം ഒഴികെ: ഒരാൾ തന്റെ ഭാര്യയുമായുള്ള ശൃംഖാരം, തന്റെ കുതിരയെ പരിശീലപ്പിക്കൽ, അമ്പെയ്ത്ത് എന്നിവ.''

സംഗീതം അനുവദനീയമാണെന്ന് പറയുന്നവർ ഈ ഹദീസ് ദുർബലമാണെന്ന് പറഞ്ഞിരിക്കുന്നു. അവർ പറയുന്നു: ഹദീസ് സ്വഹീഹാണെങ്കിൽ തന്നെ അത് തെളിവായി ഉദ്ധരിക്കാന്‍ പറ്റുകയില്ല. കാരണം, ഹദീസിൽ പറഞ്ഞ ബാത്വിൽ എന്ന പ്രയോഗം സംഗീതം ഹറാമാണെന്ന് സൂചിപ്പിക്കുന്നില്ല. മറിച്ച് പ്രയോജനകരമല്ലെന്നാണ് സൂചിപ്പിക്കുന്നത്.

മറ്റൊരു ഹദീസ്: "പാട്ടുകാരിയായ അടിമസ്ത്രീയെ വിൽക്കുന്നതും അതിന്റെ വിലയും അവളെ പരിശീലിപ്പിക്കുന്നതും അല്ലാഹു ഹറാമാക്കിയിരിക്കുന്നു.''
അതിന് മറുപടി:
ഒന്ന്: ഈ ഹദീസ് ദുർബലമാണ്.
രണ്ട്: ഇമാം ഗസ്സാലി പറയുന്നു: "ഇവിടെ സൂചിപ്പിച്ച പാട്ടുകാരി മദ്യസദസ്സുകളിൽ പുരുഷന്മാരുടെ മുമ്പിൽ പാട്ടുപാടുന്ന സ്ത്രീയാണ്. എന്നാൽ പാട്ടുകാരിയായ അടിമസ്ത്രീ തന്റെ യജമാനനുവേണ്ടി പാടുന്നത് ഹറാമാണെന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാകുന്നില്ല.'

താഴെപ്പറയുന്ന സംഭവവും അവർ തെളിവായി ഉദ്ധരിക്കുന്നു: "ഇബ്നു ഉമർ ഇടയന്റെ പുല്ലാങ്കുഴൽ ശബ്ദം കേട്ടു. അപ്പോള്‍ അദ്ദേഹം തന്റെ വിരലുകൾ ചെവിയിൽ തിരുകി. തന്റെ വാഹനം മറ്റൊരു വഴിക്ക് തിരിച്ചുവിടുകയും ചെയ്തു. അദ്ദേഹം നാഫിഇനോട് ചോദിച്ചു: നാഫിഅ് താങ്കൾ കേൾക്കുന്നുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ. അദ്ദേഹം മുമ്പോട്ടുപോയി. അങ്ങനെ പുല്ലാങ്കുഴലിന്റെ കേൾക്കാത്ത ദൂരം വരെയെത്തി. എന്നിട്ടദ്ദേഹം തന്റെ കൈ ഉയർത്തുകയും വാഹനത്തെ ശരിയായ വഴിക്ക് തിരിച്ചുവിടുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: നബി(സ) ഇടയന്റെ പുല്ലാങ്കുഴൽ കേട്ടപ്പോൾ ഇപ്രകാരം ചെയ്യുന്നത് ഞാന്‍ കാണുകയുണ്ടായി.''

എന്നാല്‍ തിരുമേനി അതൊഴിവാക്കിയത് മറ്റു അനുവദനീയമായ കാര്യങ്ങൾ അദ്ദേഹം ഉപേക്ഷിച്ചതുപോലെയാകുന്നു. ഈ ഹദീസ് മുങ്കർ ആണെന്നാണ് അബൂദാവൂദ് പറയുന്നത്. ഇനി ഇത് സ്വഹീഹാണ് എന്ന് തന്നെ വാദത്തിനു അംഗീകരിച്ചാൽ ഈ തെളിവ് സംഗീതോപകരണങ്ങൾ അനുവദനീയമാണെന്ന് വാദിക്കുന്നവർക്കും തെളിവാക്കാം, കാരണം ഇബ്നു ഉമർ(റ) നാഫിഇനെ പുല്ലാങ്കുഴൽ കേൾക്കാൻ അനുവദിച്ചു. അദ്ദേഹത്തോടും ചെവി പൊത്താന് പറഞ്ഞിട്ടില്ല.

"സംഗീതം മനസ്സിൽ കാപട്യമുണ്ടാക്കും'' എന്ന ഹദീസും അവർ തെളിവായി ഉദ്ധരിക്കുന്നു. ഇത് തിരുമേനിയിൽ നിന്ന് സ്വഹീഹായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. അത് ചില സ്വഹാബികളില്നിരന്ന് ഉദ്ധരിച്ചതാകുന്നു.

അതേപ്രകാരം സ്ത്രീയുടെ ഗാനം ഹറാമാണെന്ന് ചിലർ പറഞ്ഞിരിക്കുന്നു. സ്ത്രീയുടെ ശബ്ദം ഔറത്താണെന്ന് ചിലർ പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ സ്ത്രീയുടെ ശബ്ദം ഹറാമാണെന്ന് തെളിയിക്കുന്ന ഒരു തെളിവും കാണാന്‍ കഴിയുകയില്ല. സ്ത്രീകൾ സ്വഹാബികളുള്ള സദസ്സിൽ തിരുമേനിയോട് സംശയങ്ങൾ ചോദിക്കാറുണ്ടായിരിന്നു. സ്വഹാബികൾ പ്രവാചക പത്നിമാരെ സമീപിച്ച് മതവിധികൾ ചോദിച്ചറിയുകയും അവർ ഫത്‌വ നൽകുകയും സംസാരിക്കുകയും ചെയ്തിരുന്നു. അപ്പോൾ ആരും അവരുടെ ശബ്ദം ഹറാമാണെന്ന് പറഞ്ഞിരുന്നില്ല.

ഇനി ഒരാൾ, ഇത് സാധാരണ സംസാരത്തിന്റെ കാര്യമാണ്; പാട്ടിന്റെ കാര്യമല്ല എന്നു പറയുകയാണെങ്കിൽ അതിന്റെ മറുപടി ഇങ്ങനെ പറയാം: തിരുമേനി രണ്ട് പെൺകുട്ടികളുടെ പാട്ട് കേൾക്കുകയുണ്ടായി. അതിനെ വിലക്കുകയുണ്ടായില്ല. അവരെ തടഞ്ഞ അബൂബക്റിനോട് പറഞ്ഞു: "അവരെ വിട്ടേക്കുക'' എന്ന്. സ്വഹാബികളിലും താബിഉകളിലും പെട്ട പലരും പെണ്കുകട്ടികളുടെ പാട്ട് കേൾക്കുമായിരുന്നു. ചുരിക്കത്തിൽ ഗാനവും സംഗീതവും ഹറാമാണെന്ന് പറയുന്നവർ ഉദ്ധരിച്ച തെളിവുകൾ അവ്യക്തമായ സ്വഹീഹാണ്. അല്ലെങ്കിൽ അവ്യക്തമാണ്; പക്ഷേ, സ്വഹീഹല്ല. എന്നാൽ തിരുമേനിയിൽ നിന്ന് സ്വഹീഹായി ഉദ്ധരിച്ച ഒരു ഹദീസും സംഗീതം വ്യക്തമായ ഹറാമാണെന്ന് പറയുന്നില്ല. ളാഹിരികൾ, മാലികികൾ, ഹമ്പലികൾ, ശാഫിഇകൾ എന്നിവരില്പെ ട്ട ഓരോ വിഭാഗം ഈ ഹദീസുകളെല്ലാം ദുര്ബിലമാണെന്ന് പറഞ്ഞിരിക്കുന്നു.

ഖാദീ അബൂബക്കർ ഇബ്നുല്അകറബി പറയുന്നു: 'സംഗീതം ഹറാമാണെന്ന് പറയുന്ന സ്വഹീഹായ ഒരു പ്രമാണവും ഇല്ല. അപ്രകാരം തന്നെയാണ് ഇമാം ഗസ്സാലിയും ഇബ്നുന്നഹ്വിയും അഭിപ്രായപ്പെട്ടിരിക്കുന്നതും.'

ഇബ്നു താഹിർ പറയുന്നു: 'ഈ വിഷയകമായി ഒരു അക്ഷരവും സ്വഹീഹായി വന്നിട്ടില്ല.

ഇബ്നു ഹസം പറയുന്നു: 'ഈ വിഷയത്തില്വയന്ന എല്ലാ തെളിവുകളും തെറ്റും പടച്ചുണ്ടാക്കിയതുമാണ്.' 

സംഗീതം അനുവദനീയമാണെന്ന് പറയുന്നവരുടെ ന്യായം

മേൽ പറഞ്ഞതൊക്കെയാണ് സംഗീതം ഹറാമാണെന്ന് പറയുന്ന തെളിവുകൾ. അത് ഓരോന്നായി പൊളിഞ്ഞുവീണു. അവയിൽ ഒന്നിനും നിലനില്പു്ണ്ടായില്ല. അത് ഹറാമാണ് എന്നതിന് തെളിവില്ലെങ്കിൽ അത് ഹലാലാണ് എന്നായിരിക്കും വരുക. അതിൽ സംശയമില്ല. അതോടൊപ്പംതന്നെ നമ്മുടെ പക്കല്‍ ഇസ്ലാമിന്റെ വ്യക്തമായ തെളിവുകളും അതിന്റെ ആത്മാവും പൊതുനിയമങ്ങളുമുണ്ട്.

പ്രമാണങ്ങൾ
ഈ വിഷയകമായി ധാരാളം സ്വഹീഹായ ഹദീസുകൾ കാണാം. തിരുമേനിയുടെ വീട്ടിൽ ആഇശയുടെ സാന്നിധ്യത്തിൽ രണ്ടുപെൺകുട്ടികൾ പാട്ടുപാടുകയും അബൂബക്കർ അതിനെ എതിർക്കുകയും അത് പിശാചിന്റെ കുഴലൂത്താണെന്ന് പറയുകയും ചെയ്തു. ഈ സംഭവം സൂചിപ്പിക്കുന്നത് ‏‏‏‏‏ ചിലർ പറയും പോലെ അവർ ചെറിയ പെണ്കുകട്ടികളായിരുന്നില്ല എന്നാണ്. അങ്ങനെയായിരുന്നെങ്കിൽ അതിന്റെ പേരിൽ അബൂബക്കർ ഇത്രയധികം ദേഷ്യപ്പെടുമായിരുന്നില്ല.

ഇവിടെ ശ്രദ്ധേയമായകാര്യം, തിരുമേനി അബൂബക്കർ(റ)നെ തടഞ്ഞതും അതിന് പറഞ്ഞ കാരണവുമാണ്. അതായത്, നമ്മുടെ വീട്ടിൽ ദീനില്‍ വിശാലതയുണ്ടെന്ന് ജൂതന്മാർ അറിയട്ടെ എന്നും താന്‍ സ്വച്ഛമായ പ്രകൃതിയോടുകൂടിയ ഒരു മതവുമായിട്ടാണ് ആഗതനായിരിക്കുന്നത് എന്നുമാണത്. അത് സൂചിപ്പിക്കുന്നത് മറ്റുള്ളവരുടെ മുമ്പില്‍ ഇസ്ലാമിന്റെ രൂപം ഭംഗിയായി അവതരിപ്പിക്കാനും ഇസ്ലാമിലെ വിശാലതയുടെ വശം നാം പ്രകടമാക്കണം എന്നുമാണ്.

ബുഖാരി നിവേദനം ചെയ്ത ഒരു ഹദീസില്‍ ആഇശ പറയുന്നു: ഞാന്‍ ഒരു സ്ത്രീയെ അന്സ്വാപരിയുടെ മണവാട്ടിയായി ഒരുക്കി അയച്ചു. അപ്പോള്‍ തിരുമേനി ചോദിച്ചു: "ആഇശാ, അവരുടെ കൂടെ നേരമ്പോക്കിന് ഒന്നുമുണ്ടായിരുന്നില്ലേ? അന്സ്വാപറുകള്ക്ക്  നേരമ്പോക്ക് ഇഷ്ടമാണ്.''

ഇബ്നു അബ്ബാസിൽ നിന്ന് നിവേദനം: "ആഇശ തന്റെ ഒരു അടുത്ത ബന്ധുവിനെ ഒരു അൻസ്വാരിയെ ക്കൊണ്ട് വിവാഹം കഴിപ്പിച്ചു. അപ്പോൾ തിരുമേനി ചോദിച്ചു: "നിങ്ങൾ പെൺകുട്ടിക്ക് സമ്മാനം നൽകിയോ? അവർ പറഞ്ഞു: അതെ. നിങ്ങൾ അവരുടെ കൂടെ പാട്ടുകാരിയെ അയച്ചോ? അവർ പറഞ്ഞു: ഇല്ല. അപ്പോൾ തിരുമേനി പറഞ്ഞു: അൻസ്വാരികൾ ഗസൽ ഇഷ്ടപ്പെടുന്നവരാണ്. നിങ്ങൾക്ക് പെൺകുട്ടിയുടെ കൂടെ 'ഇതാ വരുന്നേ, ഇതാ വരുന്നേ' എന്ന് പാടുന്ന ഒരു സ്ത്രീയെ അയച്ചുകൂടായിരുന്നോ?!''

ആമിറുബ്നു സഅദ് പറയുന്നു: "ഞാൻ ഖുർതുബ്നു കഅ്ബിന്റെയും അബൂമസ്ഊദിൽ അൻസ്വാരിയുടെയും കൂടെ കല്യാണത്തിൽ പങ്കെടുത്തു. അവിടെ പെൺകുട്ടികൾ പാടുന്നുണ്ടായിരുന്നു. അപ്പോൾ ഞാന്‍ ചോദിച്ചു: "പ്രവാചകന്റെ സ്വഹാബികളും ബദ്റിൽ പങ്കെടുത്തവരുമായവരേ, നിങ്ങളുടെ സാന്നിധ്യത്തിൽ ഇത് ചെയ്യുകയോ?'' അപ്പോൾ അവരിരുവരും പറഞ്ഞു: "താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഇവിടെയിരുന്ന് കേൾക്കുക. അല്ലെങ്കിൽ തിരിച്ചുപോവുകയും ചെയ്യുക. തിരുമേനി വിവാഹവേളയിൽ നമുക്ക് നേരമ്പോക്ക് അനുവദിച്ചിട്ടുണ്ട്.''

ഖുർ‌ആനിലെ "അവർ ഒരു കച്ചവടമോ വിനോദമോ കണ്ടാൽ അവയുടെ അടുത്തേക്ക് പിരിഞ്ഞുപോവുകയും നിന്നനില്പിംൽ നിന്നെ വിട്ടേക്കുകയും ചെയ്യുന്നതാണ്. നീ പറയുക: അല്ലാഹുവിന്റെ അടുക്കലുള്ളത് വിനോദത്തെക്കാളും കച്ചവടത്തേക്കാളും ഉത്തമമാകുന്നു. അല്ലാഹു ഉപജീവനം നല്കുളന്നവരിൽ ഏറ്റവും ഉത്തമനാകുന്നു'' (അല്ജുമുഅ: 11) എന്ന ആയത്തിൽ വിനോദത്തെയും കച്ചവടത്തെയും ചേർത്തു പറഞ്ഞിരിക്കുന്നു. അതിനെ ആക്ഷേപിക്കുകയുണ്ടായില്ല. തിരുമേനി പ്രസംഗിച്ചുകൊണ്ടിരിക്കേ അദ്ദേഹത്തെ തനിച്ചാക്കി കച്ചവട സംഘത്തെ കാണാന്‍ പോയതിനെയാണ് ആക്ഷേപിച്ചത്.

അപ്രകാരംതന്നെ, സ്വഹാബികളിൽ ഒരു വിഭാഗം പാട്ട് കേൾക്കുകയും അതംഗീകരിക്കുകയും ചെയ്തു. അവരാണല്ലോ നമുക്ക് മാതൃക. പാട്ട് കേള്ക്കു ന്നത് അനുവദനീയമാണെന്ന കാര്യത്തിൽ ഇജ്മാഅ് ഉള്ളതായി ധാരാളം റിപ്പോര്ട്ടു കളുണ്ട്.

ചില നിബന്ധനകൾ:
ഗാനം കേൾക്കുന്ന കാര്യത്തിൽ ചില നിബന്ധകൾ കൂടി പാലിക്കണമെന്ന കാര്യം നാം വിസ്മരിക്കരുത്.

എല്ലാ ഗാനവും അനുവദനീയമല്ല. അതിന്റെ ആശയം ഇസ്ലാമികാധ്യാപനങ്ങളോടും മര്യാദയോടും യോജിക്കേണ്ടതനിവാര്യമാണ്.

അപ്പോൾ 'ജീവിതം പുകവലിയും മദ്യപാനവുമാണ്' എന്ന ഗനം ഇസ്ലാമികാധ്യാപനത്തോട് എതിരാണ്. ഇസ്ലാം മദ്യം പിശാചിന്റെ പ്രവര്ത്തി്യാണെന്ന് പറയുകയും മദ്യപാനികളെ ശപിക്കുകയും ചെയ്യുന്നു. അതുണ്ടാക്കുന്നവനെയും വില്ക്കു ന്നവനെയും അതിന്റെ പ്രവൃത്തിയിൽ സഹായിക്കുന്ന എല്ലാവരെയും ശപിക്കുന്നു. അതേപോലെ പുകവലിയും മാരകമായ വിപത്താണ്. ശരീരത്തിനും മനസ്സിനും സമ്പത്തിനും ദേഷം മാത്രമാണതുണ്ടാക്കുക.

അക്രമത്തെയും അധർമ്മത്തെയും അതു ചെയ്യുന്ന ഭരണാധികാരികളെയും സ്തുതിച്ചുകൊണ്ടുള്ള ഗാനങ്ങൾ. അതും ഇസ്ലാമികാധ്യാപനങ്ങൾക്ക്  എതിരാണ്. അക്രമികളെയും അവരെ സഹായിക്കുന്നവരെയും അത് ശപിക്കുന്നു. അതേപോലെ പുകവലിയും മാരകമായ വപത്താണ്. ശരീരത്തിനും മനസ്സിനും സമ്പത്തിനും ദോഷം മാത്രമാണതുണ്ടാക്കുക.

അരുതാത്തത് നോക്കുന്നതിനെ പ്രശംസിക്കുന്ന പാട്ടുകൾ ഇസ്ലാമിക മര്യാദക്ക് യോജിക്കുന്നതല്ല. അല്ലാഹു പറയുന്നു: "(നബീ) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും ഗുഹ്യവയവയങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണവർക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത് . തീര്ച്ചുയായും അല്ലാഹു അവർ പ്രവര്ത്തി്ക്കുന്നതിന്റെ സൂക്ഷിമമായി അറിയുന്നവനാകുന്നു'' (അന്നൂര്‍: 30)

നബി(സ) അലിയോട് പറഞ്ഞു: "അലീ, നീ തുടർച്ചയായി നോക്കരുത്. ആദ്യത്തെ നോട്ടം നിനക്കനുവദനീയമാണ്; രണ്ടാമത്തേത് നിഷിദ്ധവും.''

സംഗീതത്തിന്റെ അവതരണരീതിക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. വിഷയം കുഴപ്പമില്ലാത്തതായിരിക്കും; അതിൽ ആക്ഷേപാർഹമായി ഒന്നുമുണ്ടായിരിക്കുകയില്ല. പക്ഷേ, ഗായകനോ ഗായികയോ അവതരിപ്പിക്കുന്ന ശൈലി സഭ്യതയുടെ പരിധി ലംഘിക്കുന്നതാണെങ്കിൽ അത് അനുവദനീയമല്ല.

നബി പത്നിമാരോട് ഖുർആൻ പറയുന്നു: "നിങ്ങൾ (അന്യരോട്) അനുനയസ്വരത്തിൽ സംസാരിക്കരുത്. അപ്പോൾ ഹൃദയത്തിൽ രോഗമുള്ളവന് മോഹം തോന്നിയേക്കും.'' (അൽ അഹ്സാബ്: 32)

ഗാനത്തോടൊപ്പം ഹറാമായ ഒരു കാര്യവുമുണ്ടാകരുത്. മദ്യപാനം, നഗ്നത, സ്ത്രീ പുരുഷന്മാർ തമ്മിൽ ഭ്രാന്തമായ രീതിയിൽ കൂടിക്കലരുക എന്നിങ്ങനെ. ഇതൊക്കെ പണ്ടുമുതലേ ഗാനവേദികളിൽ പതിവുള്ളതാണ്. ഗാനം എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ രൂപപ്പെടുന്ന ചിത്രങ്ങളാണിതെല്ലാം. പ്രത്യേകിച്ച് പാടുന്നത് സ്ത്രീകളാണെങ്കിൽ.


ഈ വിശദീകരണത്തിനുശേഷം ഒരു കാര്യം പറയാനാഗ്രഹിക്കുന്നു: അതായത്, ഗാനം തന്റെ വികാരത്തെ ഉണർത്തുകയും തന്നിൽ മാനുഷിക വിചാരത്തേക്കാൾ മൃഗീയ വികാരങ്ങൾ ഇളക്കിവിടുകയും ചെയ്താൽ അവനത് ഉപേക്ഷിക്കണം.

(References : Shabab weekly & Yuvatha Books)

No comments: