Sunday, April 12, 2009

പരലോകം

പരലോകം എന്നത് ഏതൊരു മനുഷ്യന്റെയും ആഗ്രഹമാണ്. മനുഷ്യൻ നന്മ ചെയ്യുവാനും തിന്മയിൽ നിന്ന്‌ വിട്ടുനിൽക്കാനും പരലോകത്തിലുള്ള വിശ്വാസം ആവശ്യവുമാണ്.
ഈ ജീവിതത്തിന് ശേഷമുള്ള ജീവിതം എന്നത് ജീവശാസ്ത്ര മരണത്തിന് ശേഷം മാനസീകമായ ആത്മാവിന്റെ തുടർന്നുള്ള പ്രയാണവും പിന്നീട് സ്വശരീരത്തിലേക്ക് അത്മാവിനെ തിരിച്ച്നൽകി മനുഷ്യന്റെ കർമ്മങ്ങൾക്കനുസരിച്ചുള്ള സ്ഥായിയായ ജീവിതമാണ് പരലോകം. ദൈവ നിശ്ചയപ്രകാരം മനുഷ്യന്റെ ഇഹലോക ജീവിതകർമ്മങ്ങൾക്കനുസരിച്ച് മരണാന്തര ജീവിതം ആരംഭിക്കുന്നു.

മരണത്തിന് ശേഷമുള്ള ലോകം രണ്ടു വിധത്തിൽ മനുഷ്യൻ മനസ്സിലാക്കുന്നു. ഒന്ന്, മനുഷ്യന്റെ സ്വതന്ത്രമായ നിരീക്ഷണത്തിലും അനുമാനത്തിലും ഇൻസ്ട്രുമെന്റിന്റെ സഹായത്തോടെയും (റേഡിയോ, ഇ.വി.പി. തുടങ്ങിയ) മരണാന്തരമുള്ള റിസേർച്ചുകൾ, മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനപെടുത്തിയുള്ള പഠനം തുടങ്ങിയവയും രണ്ട്, വിശ്വാസത്തെ അടിസ്ഥാനമാക്കി ദൈവിക ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചത് പോലെയും. ഇതിൽ രണ്ടാമത് പറഞ്ഞ ദൈവിക ദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് വിശ്വാസി മനസ്സിലാക്കേണ്ടത്. ഈ ലോകത്തെ കർമ്മങ്ങൾക്കനുസരിച്ച് പ്രതിഫലം കിട്ടേണ്ട ഒരു വേദി ഏതൊരു മനുഷ്യന്റെയും പ്രകൃതിപരമായ ആഗ്രഹമാണ്. ഈ ലോകത്ത് അതി ക്രൂരമായ ചെയ്തികളെ കുറിച്ച് ഏതൊരു മനുഷ്യനും പറയും, ദൈവം കൊടുത്തോളും എന്ന്. എന്താണ് കൊടുക്കേണ്ടത്, എവിടെ വെച്ചാണ് കൊടുക്കേണ്ടത്? അതാണ് പരലോകം. ഈ ഭൌതിക ലോകത്ത് നൽകാൻ കഴിയുന്ന ശിക്ഷക്ക് പരിമിതികളുണ്ട്. ഒരാളെ കൊന്നവനും പതിനായിരങ്ങളെ കൊന്നവനും ഏറിയാൽ വധശിക്ഷയല്ലാതെ കൂടുതലായി ചെയ്യാൻ മനുഷ്യന് കഴിയില്ല. മാത്രമല്ല, എത്രയോ വലിയ അക്രമികൾ ഒരു പ്രശ്നവുമില്ലാതെ ജീവിക്കുന്നു. നീതിയും ന്യായവും ദൈവിക വിശ്വാസത്തിലല്ലാതെ നടപ്പിലാക്കാൻ കഴിയില്ല. ഏതൊരു ചെയ്തിയും ചോദ്യം ചെയ്യപെടുമെന്നും അതിനനുസരിച്ച ജീവിതം മരണത്തിന് ശേഷം ഉണ്ടാകുമെന്ന് അല്ലാഹു പറയുന്നു. അത് നല്ല മനുഷ്യന്റെ ആഗ്രഹം കൂടിയാകുന്നു. പരലോകമില്ലെങ്കിൽ നാം എന്തിന് നന്മ ചെയ്യണം? തോന്നിയത് പോലെ ജീവിച്ചാൽ മതിയല്ലൊ. അത് പോര. അതുകൊണ്ടാണ് മനുഷ്യൻ കഴിയുന്ന രീതിയിൽ ചില നിയമങ്ങളൊക്കെ നിർമ്മിച്ച് ഈ ലോകത്ത് തന്നെ നീതിയുണ്ടാക്കുവാൻ ശ്രമിക്കുന്നത്, എന്നാൽ മനുഷ്യ നിർമ്മിത നിയമങ്ങളിൽ നിന്നും രക്ഷപെടുന്നവർക്ക് മരണത്തിന് ശേഷമുള്ള ജീവിതമുണ്ടെന്നും അതിൽ ഈ ലോകത്തെ പ്രവർത്തനഫലമാണ് അനുഭവിക്കാനുള്ളതെന്നും അവിടെ രക്ഷപെടാൻ മാർഗ്ഗങ്ങളൊന്നുമില്ലെന്നും മനസ്സിലാക്കിയാൽ മനുഷ്യൻ താനേ നേർവഴിക്ക് തിരിയും. പരലോക ചിന്തയാണ് മനുഷ്യനെ നന്മചെയ്യുന്നതിനും തിന്മയിൽ നിന്ന് വിട്ടുനിൽക്കുന്നതിനും പ്രേരിപ്പിക്കുന്നത്.

- മൈപ് -
_________________________________

1 comment:

അഷ്‌റഫ്‌ സല്‍വ said...

പരലോകം : അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് പരലോക വിജയം വരിക്കുന്നവരില്‍ നമ്മെയും ഉള്‍പ്പെടുത്തുമാരാകട്ടെ