Sunday, June 18, 2023

ഭാഷ; സംസ്കാര രൂപീകരണത്തിൻ്റെ അടിവേര്


ഭാഷ എന്നത് ഒരു
 ജൈവ അസ്തിത്വമാണ്. ജൈവ ലോകത്തെ എല്ലാ ജീവികൾക്കും അവരുടേതായ ആശയവിനിമയ മാർഗങ്ങളുണ്ട്, ജീവികൾ ജനിക്കുന്നു, മരിക്കുന്നു, അതുപോലെ അവയുടെ ആശയവിനിമയവും. എന്നാൽ ജൈവലോകത്ത് മനുഷ്യർ ജീവിച്ച് മരിക്കുമ്പോൾ അവൻ സ്വീകരിച്ച് പോന്നിരുന്ന ആശയങ്ങളും ആശയവിനിമയമാർഗങ്ങളും മരിക്കുന്നില്ല, അവ കൈമാറ്റം ചെയ്യപ്പെടുകയും വളരുകയും സാംസ്കാരികമായ് ആർജ്ജിച്ച സാഹചര്യങ്ങളിൽ രൂപമാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.

മനുഷ്യൻ്റെ ചെറുപ്പകാലത്തെ ഭാഷയാകില്ല അവൻ വളർന്നു വലുതാകുമ്പോൾ, പ്രായ വെത്യാസങ്ങളിൽ ആ വ്യക്തിയുടെ ശാരീരിക അവസ്ഥയെ ഏത് വിധം വ്യത്യാസപ്പെടുന്നുവോ അതുപോലെ തന്നെ ഭാഷയിലും വ്യത്യാസങ്ങൾ കാണാവുന്നതാണ്. ജീവിതത്തിൽ ആർജ്ജിച്ച അറിവുകളിൽ ഒരാളുടെ വളർച്ചയുടെ കൂടെ ഭാഷയും സംസ്കാരവും വളർന്നുകൊണ്ടിരിക്കുന്നു. ആ വളർച്ചയിൽ ഭാഷയുടെ പരിമിതികളെ മറികടന്ന് പുതിയ ഭാഷകൾ ഉടലെടുക്കുന്നു, പുതിയ ഭാഷകൾ ആശയകൈമാറ്റങ്ങൾക്ക് കൂടുതൽ ശക്തിപകരുന്നതിനാൽ അവ സമൂഹത്തിൽ ശക്തിയാർജ്ജിക്കുകയും പഴയ ഭാഷയെ കൈയ്യൊഴിയുകയും ചെയ്യുന്നു, അങ്ങനെ മനുഷ്യർ ഉപേക്ഷിച്ച അനേകം നിർജീവ ഭാഷകളുണ്ട്.

ഒരു നിർജീവ ഭാഷയ്ക്ക് മാറ്റമൊന്നും ഉണ്ടാകില്ല, പണ്ട് എഴുതപെട്ടത് പോല നിലനിൽക്കുന്നു, ജീവനുള്ള ഭാഷ എപ്പോഴും മാറിക്കൊണ്ടിരിക്കും. മനുഷ്യ സംഞ്ചാരങ്ങളും ഇടപെടലുകളും വഴി ഭാഷകൾ കൈമാറ്റം ചെയ്യപ്പെടുകയും വളരുകയും ചെയ്യുന്നു. മനുഷ്യശരീരത്തിന് അതിന്റെ കാലഘട്ടങ്ങളോ ഘട്ടങ്ങളോ ഉണ്ട്.  ശൈശവകാലം, ബാല്യകാലം, പൗരുഷം, വാർദ്ധക്യകാലം എന്നിവയുണ്ട്. അതുപോലെ, ഒരു ഭാഷയ്ക്ക് അതിന്റെ കാലഘട്ടങ്ങളുണ്ട്.  പിറവിയോടെ മാതാവിനോട് പ്രതികരിച്ചു തുടങ്ങുമ്പോൾ തന്നെ മനുഷ്യൻ്റെ മാതൃ ഭാഷയും വളർന്ന് തുടങ്ങുന്നു. മനുഷ്യർ സംസാരിക്കുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദം ഒന്ന് തന്നെയാണന്നും ഭൂപ്രകൃതിയും ചുറ്റുപാടുകളും സൃഷ്ടിച്ച വ്യത്യാസത്തിലൂടെയാകാം നാനാ ഭാഷകൾ രൂപപെട്ടത്. അത് ദൈവീക അനുഗ്രഹായ് നമുഷ്യർക്ക് ലഭ്യമാക്കപെട്ടതാണ്.  ആശയ കൈമാറ്റത്തിന്  മനുഷ്യ ജീവിതത്തിൽ അത്യന്താപേക്ഷിതമാണ് ഭാഷ, പലതരം ഭാഷകൾ സംസാരിക്കാൻ മനുഷ്യന് സാധ്യമാകുന്നു, മനുഷ്യൻ്റെ സംസ്കാരവും ജീവിത നിലവാരവും ഭാഷയിലൂടെ പ്രകടമാകുന്നു. ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. (സൂ റൂം, 22)

മനുഷ്യർ പങ്കിടുന്ന  സാമാന്യബോധത്തിലൂടെയാണ് ഭാഷയ്ക്ക് അർഥമുണ്ടാകുന്നതും പൊതുബോധം പ്രവർത്തനക്ഷമമാകുന്നതും. അതുകൊണ്ടാണ് അധിനിവേഷവും മേൽക്കോയ്മയും ചില ഭാഷാ പ്രയോഗങ്ങളിൽ കാണാൻ സാധിക്കുന്നത്. “ജാത്യാലുള്ളത് തൂത്താൽ പോകുമോ  തുടങ്ങിയ അനേകം വാചക രൂപങ്ങൾ ഒരു കാലത്തിൻ്റെ സംസ്കാരിക അധിനിവേഷമാണ്. മനുഷ്യൻ്റെ സാംസ്കാരിക അധിവേഷവും ജീവിത നിലവാരവുമാണ് ഭാഷകളിലൂടെ പ്രകടമാകുന്നത്.

 ഭാഷയിൽ ലിംഗങ്ങളുടെ വേർത്തിരിച്ചറിയാനുള്ള പ്രയോഗങ്ങളുണ്ടെങ്കിലും ‘ആണത്തം‘ എന്ന് നിർവചിക്കുന്ന സവിശേഷത വൈകാരിക തീവ്രതയും നെഗറ്റീവ് വയലൻസുമാണ്. മനുഷ്യരെ സ്വാധീനിക്കുന്ന സെലിബ്രിറ്റികൾ വൈകാരിക ഘടകങ്ങളെ പുറത്ത് പ്രകടിപ്പിക്കാൻ മോശം  പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നു. നാഡീവ്യവസ്ഥയിൽ കോഗ്നിറ്റീവ് കൺട്രോൾ പ്രക്രിയകളിൽ ഉൾപ്പെട്ടിരിക്കുന്ന മനുഷ്യനെ ഒരു ന്യൂറോബയോളജിയിൽ വായിക്കപ്പെടുമ്പോൾ അവൻ്റെ വൈകാരികത പ്രകടിപ്പിക്കാനാണത്, എന്നാലത്  സാംസ്കാരിക സംസ്കരണ മേഖലകളുടെ ഒരു ഉൽപ്പന്നം കൂടിയാണ്. അതുകൊണ്ട് തന്നെ വൈകാരിക പ്രകടനങ്ങൾക്കപ്പുറം മോശം വാക്കുകളിൽ ആസ്വാദനം കണ്ടെത്തുന്നവരുണ്ട്.

വാക്കുകൾക്ക് പല മാനങ്ങളുണ്ട്, മോശം വാക്കുകൾ അപമാനങ്ങളാണ്. ജൈവിക ശരീരത്തെ പോലെ മറച്ചുപിടിക്കേണ്ടവയാണത്. അത് പ്രകടമാക്കുക എന്നത് മനോവൈകല്ല്യങ്ങളായെ പരിഗണിക്കപെടേണ്ടതുള്ളൂ.. എന്നാൽ അത്തരം വാക്കുകൾ കുട്ടികൾക്കിടയിൽ കലാപരമായ് അവതരിപ്പിക്കുകയും സാമാന്യവൽക്കരിക്കുകയും ചെയ്യുന്നതിൽ മീഡിയകൾ വലിയ തോതിൽ സ്വാധീനം ചെലുത്തുന്നുണ്ട്. വളരുന്ന കുട്ടികളാകുമ്പോൾ അവരുടെ ഭാഷാ പദാവലി വികസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ  അത്തരം വാക്കുകളിൽ ആകൃഷ്ടരാകുന്നു, കഴിയുന്നത്ര വാക്കുകൾ വലിച്ചെടുക്കുന്നു. ധാർമ്മിക ചിന്തകൾ വഴിമാറുകയും പകരം എക്‌സ്‌പ്ലിറ്റീവ് ഹീറോകളെപ്പോലെ വഴിതെറ്റുന്ന, സാംസ്കാരിക അപചയം സംഭവിച്ച ഒരു സമൂഹ സൃഷ്ടിപ്പാണ് അറിയാതെ സംഭവിച്ച് കൊണ്ടിരിക്കുന്നത്.

ശരിയും തെറ്റും സംബന്ധിച്ച കുട്ടികളുടെ വളരുന്ന ഗ്രാഹ്യത്തെയും അവരുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരുടെ ക്ഷേമത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വിമർശനാത്മകമായി ചിന്തിക്കാനുള്ള അവരുടെ കഴിവിനെയും, മറ്റുള്ളവരോടുള്ള ബഹുമാനം, കരുതൽ തുടങ്ങിയ മൂല്യങ്ങളുടെ പ്രകടനത്തെയും അധ്യാപകരും മറ്റ് മുതിർന്നവരും പിന്തുണയ്ക്കുന്ന പ്രക്രിയയാണ് ധാർമ്മിക വിദ്യാഭ്യാസം. ഉത്തരവാദിത്തം. നീതിബോധം, മനുഷ്യക്ഷേമം, മനുഷ്യാവകാശം എന്നീ ആശയങ്ങളെ കേന്ദ്രീകരിച്ച് ധാർമ്മിക വളർത്തുന്നതിനുള്ള ഉപയോഗപ്രദമായ ഉപകരണമാണ് മത പാഠ്യപദ്ധതികളും മത സംഘടനകൾ അവതരിപ്പിക്കുന്ന ബാലസാഹിത്യങ്ങളും രചനകളുമെല്ലാം. ധാർമ്മിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള സജീവമായ ആലോചനകൾക്കും ചർച്ചകൾക്കും കുട്ടികളുടെ ധാർമ്മിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളാണവയിലുണ്ടാവുക.  അനുഭവങ്ങൾ, ധാർമ്മിക സംഘർഷങ്ങളുടെ വിവിധ പതിപ്പുകൾ നിരീക്ഷിക്കാനും ഏറ്റെടുക്കാൻ പഠിക്കുന്നു. കാഴ്ചപ്പാടുകൾ കഥാപാത്രങ്ങളുടെ പെരുമാറ്റം നിരീക്ഷിക്കുന്നതിലൂടെ അവർക്ക് ധാർമ്മികവും ധാർമ്മികവുമായ ദ്വന്ദ്വങ്ങൾ തിരിച്ചറിയാനും കഴിയും, എന്നാലിന്ന് ആധുനിക വിദ്യാഭ്യാസ പ്രക്രിയയിൽ മുന്‍ഗണനയിൽ ധാർമ്മിക പഠനങ്ങൾ ശരിയാം വിധം നടപ്പിലാകാതെയാവുകയും ദാർമ്മിക ബോധം വളർത്തുന്ന സാഹിത്യങ്ങൾക്ക് പകരമായ് ഇന്ന് കുട്ടികൾക്ക് മുന്നിലേക്ക് എത്തിച്ചേരുന്നത് കുത്തഴിഞ്ഞ ദുർഗന്ധം പേറുന്ന സോഷ്യൽ മീഡിയ ഇടങ്ങളുമായാൽ അവയിലൂടെ വിളമ്പുന്നതാവും മക്കളുടെ തലച്ചോറ് നിറക്കുക. അതാണവരുടെ ജീവിതത്തിൽ പ്രതിഫലിക്കുക. നാണവും മാനവും സൂക്ഷിക്കേണ്ടവനാണ് വിശ്വാസി എന്ന മിനിമം സാംസ്കാരിക ബോധ്യങ്ങളെങ്കിലും കുട്ടികളിൽ സൃഷ്ടിക്കേണ്ടതുണ്ട്.  സംസ്കാര രൂപീകരണത്തിന് വേണ്ട ഊർജ്ജം വലിച്ചെടുക്കാൻ സഹായിക്കുന്ന അടിവേരാണ് ഭാഷ. അത് നല്ലതാകട്ടെ

ദൈവ സ്മരണ നിലനിർത്തികൊണ്ട് പ്രാർത്ഥനകൾ നിർവഹിക്കാനും  സദാചാരംകൊണ്ടു കൽപിക്കുകയും, ദുരാചാരത്തെക്കുറിച്ചു വിരോധിക്കാനും (ഖുർആൻ 31:17) മക്കളെ ഉപദേശിക്കേണ്ടത് വിശ്വാസികളുടെ കടമയാണ്.

No comments: