Showing posts with label ഐഡന്റിറ്റി. Show all posts
Showing posts with label ഐഡന്റിറ്റി. Show all posts

Friday, May 5, 2023

ആർജിത അറിവും മനുഷ്യമനസ്സും


മനുഷ്യർ വിവിധ തരക്കാരും സ്വഭാവക്കാരുമാണ്. മനുഷ്യ വ്യവഹാരങ്ങൾ വളരെ സങ്കീർണ്ണവുമാണ്. മനുഷ്യ വ്യവഹാരങ്ങളെയും മാനസ്സികാവസ്ഥളെയും നിരീക്ഷിച്ച് അവയെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നതാണ് മനശാസ്ത്രം.

ആരാണ് മനുഷ്യൻ എന്ന ചോദ്യത്തിന് മനുഷ്യൻ്റെ മനസ്സുമായ് മാത്രമേ ചേർത്തുപറയാനാവുകയുള്ളൂ. ബാഹ്യമായ പല അടയാളങ്ങളിലും മനുഷ്യർ വ്യതിരിക്തമായ് നിലകൊള്ളുന്നു. മനുഷ്യ ശരീരത്തിൽ മുഖം വിരലുകളുടെ ഘടന, വിരൽ തുമ്പ്, കണ്ണ്, മുടി, ഗന്ധം തുടങ്ങി ഈ ഭൗതിക ലോകത്ത് അവൻ്റെ വ്യവഹാരങ്ങളെ രേഖപ്പെടുത്താവുന്നവയൊക്കെ അവൻ്റെ ഓരോ ഐഡൻ്റിറ്റിയാണ്. ഓരോ ഐഡൻ്റിറ്റിയും ഓരോ തലത്തിലാണ് ഉപയോഗപെടുത്താറ്. ഏതൊരൂ സാധാരണക്കാരനും മറ്റൊരാളെ മനസ്സിലാക്കുന്ന പ്രധാന ഐഡൻ്റിറ്റി മനുഷ്യൻ്റെ മുഖമാണ്, മുഖം വഴി കുടുംബവും വംശവും രാജ്യവുമൊക്കെ തിരിച്ചറിയാനാകുന്നു. എന്നാൽ ശാരീരികമായല്ലാത്ത ഒരു പ്രധാന ഐഡൻ്റിറ്റി മനസ്സാണ്. മനുഷ്യ മനസ്സിനെ അടിസ്ഥാനമാക്കിയാണ് ഏതൊരാളെയും മറ്റുള്ളവർ മനസ്സിലാക്കുക. ഒരു മനുഷ്യൻ അദ്ദേഹത്തെ സ്വയം മറ്റുള്ളവർക്ക് പരിചയപെടുത്തുന്നതിന് അനുസരിച്ചല്ല, അദ്ദേഹത്തിൻ്റെ ഇടപെടലുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയുമാണ് ആ വ്യക്തിത്വത്തെ മറ്റുള്ളവർ മനസ്സിലാക്കുക. അധർമ്മങ്ങൾക്കെതിരെ വലിയ രീതിയിൽ സംസാരിക്കുകയും പ്രവർത്തിയിൽ അധർമ്മം ഉണ്ടാവുകയും ചെയ്താൽ അയാളെ ആരും ധർമ്മിഷ്ടനായി പറയുകയില്ല. ഒരാളെ ഇന്ന രാഷ്ട്രീയക്കാരനാണ് അതല്ലെങ്കിൽ ഇന്ന സംഘടനക്കാരനാണ് എന്നൊ ആശയക്കാരനാണ് എന്നൊ മനസ്സിലാക്കുക അദ്ദേഹമത് വെളിപെടുത്തുന്നതിനേക്കാളുപരി അദ്ദേഹത്തിൻ്റെ വ്യക്തികളോടും പൊതുസമൂഹത്തോടുമുള്ള ഇടപെടലുകളിലൂടെയാണ്. അതാകട്ടെ, ആ മനുഷ്യൻ്റെ മനസ്സുമായ് ബന്ധപെട്ടതാണ് താനും. ഒരാളെ ശരിയാംവിധം മനസ്സിലാക്കാൻ യാത്രയൊ, സാമ്പത്തിക ഇടപാടോ തുടങ്ങിയവയിലൂടെ അറിയാനാകുമല്ലൊ, അതുവഴി അയാളുടെ ശരിയായ സ്വഭാവം അടുത്തറിയാനാകും. അത്തരം സന്ദർഭങ്ങളിൽ അയാളുടെ മനസ്സ് ശരിയായി പ്രതിഫലിക്കപ്പെടും.

എന്താണ് മനസ്സ്? ചില സംജ്ഞകളിൽ നമ്മൾ മനസ്സിലാക്കിയ പദങ്ങളുണ്ട്, ചിന്ത, ബുദ്ധി, മനസ്സ്, ആത്മാവ്, ജീവൻ തുടങ്ങിയവ. മനസ്സിനെ ആത്മാവ് എന്ന് സൂചിപ്പിക്കാറുണ്ട്. യഥാർത്ഥത്തിൽ അവ രണ്ടും രണ്ടാണ്, എന്നാൽ പരസ്പര പൂരകങ്ങളാണ്.

ഏതൊരൂ ജീവിയിലും ജീവൻ നില നിർത്തുന്നത് ആ ജീവിയിൽ കുടികൊള്ളുന്ന ജീവാത്മാവാണ്. എന്നാല്‍, ഇതര ജീവികളില്‍ നിന്ന് വിഭിന്നമായി മനുഷ്യനു മാത്രമുള്ളതാണ് മനുഷ്യാത്മാവ്. (ആത്മാവിനെ കുറിച്ച് മുമ്പ് എഴുതിയത് ഇവിടെ വായിക്കാം).

മനുഷ്യന് പല ഇന്ദ്രിയങ്ങളിൽ മനുഷ്യൻ്റെ വിശേഷ ബുദ്ധിയുമായ് ഏറെ ബന്ധപെട്ടുകിടക്കുന്നവയാണ് കേൾവിയും കാഴ്ച്ചയും, അതുവഴി നിക്ഷേപിക്കപ്പെടുന്ന വിവരങ്ങളെ മനുഷ്യൻ്റെ ബുദ്ധികൊണ്ട് കൈകാര്യം ചെയ്തു ലഭിക്കുന്ന ഉല്പന്നമാണ് അറിവ്, ആ അറിവിനെ ഓർമ്മയിൽ സൂക്ഷിക്കുന്നതിനെ മനസ്സെന്ന് പറയാം. അറിവിനെ പ്രാതിഭാസികം, ആധ്യാത്മികം എന്നിങ്ങനെ തിരിക്കാം. ഭൗതികമായവയാണ് പ്രാതിഭാസികമായ അറിവ്. ആധ്യാത്മിക യാഥാര്‍ഥ്യങ്ങളെ സംബന്ധിക്കുന്ന അറിവ് ആധ്യാത്മികമായ അറിവും.

മനുഷ്യൻ്റെ തലച്ചോറുമായ് ബന്ധപെട്ടതാണ് ബുദ്ധിയും ഓർമ്മയുമെല്ലാം. ചിലർക്ക് ചില കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാൻ കഴിയുന്നത് തലച്ചോറുമായ് ബന്ധപെട്ടാണ്. ഒരേ പോലെ കാണുകയും കേൾക്കുകയും ചെയ്യുന്ന വ്യക്തികൾക്ക് വ്യത്യസത ഉത്തരങ്ങൾ ലഭിക്കുന്നതും ഉത്തരം ലഭിക്കുന്നതിലെ കാലതാമസവുമെല്ലാം തലച്ചോറിൻ്റെ പ്രൊസസിങ്ങിനനുസരിച്ചും മെമ്മറിക്കനുസരിച്ചുമാണ്, പ്രൊസസിങ്ങിനെ ചിന്ത എന്നും ചിന്തിക്കാനുള്ള കഴിവിനെ ബുദ്ധി എന്നും പറയാം. അങ്ങനെ ബുദ്ധികൊണ്ട് ചിന്തിച്ചു ലഭിക്കുന്ന ഉല്പന്നം (ഔട്ട്പുട്ട്) ആണ് അറിവ്, ആ അറിവിനെ ഓർമ്മയിൽ സൂക്ഷിക്കുന്നതിനെ മനസ്സ് എന്നുപറയാം. മനസ്സിലായി എന്നുപറയുന്നത് ശരിയാം വിധം അറിവ് ലഭിച്ചെന്ന് ഉറപ്പ് വരുത്തലാണല്ലൊ. അങ്ങനെ ജീവിത ചുറ്റുപാടുകളിൽ നിന്നും മനുഷ്യ മനസ്സിൽ ശേഖരിക്കപ്പെട്ട അനേകം വിവരങ്ങൾക്കനുസരിച്ച് മനുഷ്യൻ്റെ എല്ലാ ക്രയവിക്രയങ്ങളും നടക്കുന്നത്.

മനുഷ്യൻ ആർജ്ജിച്ചെടുത്ത അറിവുകൾക്കനുസരിച്ച് ചുറ്റുപാടുകളെ വീക്ഷിക്കുകയും പുതിയ അനേകം അറിവുകൾ നേടുകയും ചെയ്യുന്നു. ചിന്തയിലൂടെ രൂപം കൊള്ളുന്ന ആശയങ്ങളെ സീമാതീതമായി വികസിപ്പിക്കാന്‍ മനുഷ്യനു സാധിക്കുന്നു.

അനേകം മനുഷ്യൻ വ്യവഹരിക്കുന്ന ഒരു പട്ടണത്തിൽ എല്ലാ വ്യക്തികളും തങ്ങളുടെ ചുറ്റുപാടുകളിൽ കാണുന്നതും കേൾക്കുന്നതും ഒരുപോലെയുള്ളവയാണ് എങ്കിലും ഓരോ വ്യക്തികളിലും കുടികൊള്ളുന്ന അറിവുകൾക്കനുസരിച്ച് രൂപപ്പെടുന്ന ചിന്തകൾ വ്യത്യാസപെട്ടിരിക്കുന്നു, അതുവഴി രൂപപ്പെടുത്തുന്ന മനസ്സും. അതുകൊണ്ടാണ് തെറ്റുകാരനായ ഒരാൾക്ക് വീണ്ടും തെറ്റിലേക്ക് വഴിമാറാൻ അവൻ്റെ മനസ്സ് പ്രേരിപ്പിക്കുന്നത്. അങ്ങനെ തെറ്റ് ചെയ്യുന്നതിൽ മനസ്സ് അവനെ പിന്തിരിപ്പിക്കുകയോ ഭയപെടുത്തുകയോ ചെയില്ല. 

ഭയം താൽക്കാലികമാണ്, യുക്തി ഉപയോഗിച്ച് ഭയത്തെ നിയന്ത്രിക്കാനാകും. ഭയം മനുഷ്യന് ആവശ്യമായ ഘടകമാണ്. ആവശ്യകരവുമായ ഭാഗമാണ്. അത് നമ്മെ അപായപ്പെടുത്തുന്ന സാഹചര്യങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് നമ്മെ തടയുന്നു, അനിവാര്യമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് എപ്പോൾ എങ്ങനെ രക്ഷപ്പെടാമെന്ന് തീരുമാനിക്കുന്നതിലും ഭയം ഒരു വ്യക്തിയെ സഹായിക്കുന്നു. ഭയം ഒരാളുടെ ജീവിതത്തെ യുക്തിഹീനരാക്കുകയില്ല. എന്നാൽ ഫോബിയ ഒരു തരം ഉത്കണ്ഠാ രോഗമാണ്, ഫോബിയ എന്നാൽ ഭയമല്ല, പലതരം ഫോബിയകളുണ്ട്. എന്നാൽ ചില രാഷ്ട്രീയ സാമുദായിക നേട്ടങ്ങൾ ലക്ഷ്യം വെച്ച് ഒരു കൂട്ടം ആളുകൾ പുറത്ത് വിടുന്ന വികല വിവരങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തുന്ന ഫോബിയകളുണ്ട്, അത് ഏതാനും വ്യക്തികൾക്കപ്പുറം വലിയൊരൂ സമൂഹത്തെ തന്നെ ഫോബിക് ആക്കി മാറ്റുന്നു. അതിൻ്റെ ഒരു ഉദാഹരണമാണ് ഇസ്ലാമോഫോബിയ.

ഇസ്ലാമൊഫോബിയയിൽ ജീവിക്കുന്ന ഒരാൾ ഒരു മുസ്ലിം വ്യക്തിയെ കാണുന്നത് പോലെയല്ല മറ്റു ഇതര മതവിഭാഗങ്ങളിലുള്ളവരെ കാണുന്നത്. പ്രതേകിച്ച് ശിരോവസ്ത്രം ധരിച്ചവരും താടിവളർത്തിയവരുമായ ഒരു മുസ്ലിമിനെ കാണുമ്പോൾ അക്രമണത്തിന് തുനിയാൻ ഫോബിക് മനസ്സ് പ്രേരിപ്പിക്കുന്നു. ഇനി താടിയും തലപ്പാവും ഒന്നുമില്ലെങ്കിലും മുഖഭാവത്തിൽ മുസ്ലിമെന്ന് തോന്നിയാൽ അതിക്രമണങ്ങൾക്ക് തുനിയുന്നു, പ്രായവെത്യാസമില്ലാതെ, ചെറിയ കുട്ടികളെന്നൊ സ്ത്രീകളെന്നൊ വ്യത്യാസമില്ലാതെ അതിക്രൂരമായ അക്രമണങ്ങൾക്ക് വിധേയരാകുന്നു. ചെറിയ കുട്ടികളെയടക്കം കഴുത്ത് ഞെരിച്ച് കൊന്നതും വെട്ടികൊന്നതും തീയിട്ട് കൊന്നതടക്കം നാട്ടിൽ നമ്മൾ കണ്ടതാണ്. 

ഇസ്ലാമോഫോക് ആയ ഒരാളുടെ മനസ്സിലേക്ക് എത്തിച്ചേരുന്ന അറിവുകളെ അയാളുടെ ഫോബിക് മനസ്സിൽ കുടികൊള്ളുന്ന അറിവുകളുമായ് ചേർത്താണ് ചിന്ത പ്രവർത്തിക്കുക, ലഭിക്കുന്ന അറിവ് ഫോബിയ വർദ്ധിപ്പിക്കുന്നതാണെങ്കിൽ അതിനനുസരിച്ച് അയാളുടെ ഫോബിക് അവസ്ഥ കൂടികൊണ്ടിരിക്കുകയും അതിനനുസരിച്ച് പ്രതികരണങ്ങൾ ആ വ്യക്തിയിൽ സൃഷ്ടിക്കുകയും ചെയ്യുന്നു. എല്ലാ ഫോബിയകളെ പോലെ തന്നെ തെറ്റായ അനേകം അറിവുകളിലാണല്ലൊ ഇസ്ലാമോഫോബിയ രൂപപ്പെടുത്തുന്നത്, അങ്ങനെയുള്ള ഒരാളിൽ രൂപം കൊള്ളുന്ന ഫോബിയ വളരെ ഭീകരമായി വ്യക്തിയെ സ്വാധീനിക്കുന്നു, ഫോബിക് ആയ വിഷയത്തെ ഇല്ലായ്മ ചെയ്യാൻ വേണ്ടി വലിയ രീതിയിലുള്ള അക്രമണങ്ങൾക്ക് ഇറങ്ങാൻ മനസ്സ് ആ വ്യക്തിയെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അത്തരം അവസ്ഥകളിൽ ജീവിക്കുന്ന അനേകം ആളുകളിലൂടെയാണ് വലിയ കലാപങ്ങൾ നടക്കുന്നത്. അതിക്രൂരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള മാനസ്സികാവസ്ഥയിലായിരിക്കും അത്തരം ആളുകൾ. 

ആയതിനാൽ തെറ്റായ വിവരങ്ങളിൽ ജീവിക്കുന്നവരെ അവഗണിക്കാതെ ശരിയായ അറിവ് എത്തിച്ചുകൊടുക്കുക എന്നത് സാമൂഹികമായ സുരക്ഷക്ക് അതിപ്രധാനമാണ്. സമൂഹ നന്മയെ ലക്ഷ്യമാക്കിയ സാമുദായിക സാമൂഹിക രാഷ്ട്രീയ സംഘടനകളും വ്യക്തികളും അത്തരം കള്ളവാദങ്ങളെയും കൊള്ളരുതായ്മകളേയും ഉയർത്തികകാണിക്കുന്നതും പൊളിച്ചടക്കുന്നതും. അങ്ങനെ സത്യസന്ധമായ അറിവുകൾ കൈമാറ്റം ചെയ്യപെടുന്നതിനാലാണല്ലൊ ഫാസിസ്റ്റുകൾക്ക് മലയാള മനസ്സിൽ ഇടമില്ലാതായത്. എന്നാൽ പോലും മലയാള മണ്ണിൽ സ്വകാര്യ വാട്സാപ് ഗ്രൂപ്പുകൾ പോലെയുള്ള ചില നിയന്ത്രിത വഴികളിലൂടെ നിരന്തരം അസത്യങ്ങൾ പ്രചരിപ്പിക്കുക വഴി ചിലരെങ്കിലും തെറ്റായ കാര്യങ്ങൾ വിശ്വസിക്കുന്നുണ്ട്. അതിനെ തിരുത്താൻ മാർഗങ്ങളൊന്നുമില്ല, എന്നാൽ എല്ലാവരെയും ഉൾകൊള്ളുന്ന പൊതു ഇടങ്ങളിൽ സത്യസന്ധമായ വിവരകൈമാറ്റം നടക്കേണ്ടതുണ്ട്, തെറ്റായ വിവരങ്ങളിൽ ജീവിക്കുന്നത് ചെറുകൂട്ടങ്ങളെന്ന നിലയിൽ അവരെ അവഗണിക്കാവതല്ല. കാരണം ഒരാളുടെ മാനസ്സികാവസ്ഥ അയാളെ എന്ത് പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്നു. 

വിശുദ്ധ ഖുർആനിൽ പലതരം മനസ്സുകളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അവയെല്ലാം പരിശോധിക്കുകയാണെങ്കിൽ മനുഷ്യൻ ചുറ്റുപാടുകളിൽ നിന്ന് ആർജ്ജിച്ചെടുത്ത അറിവുകളുമായ് ബന്ധപെട്ടാണവയുള്ളത്. ഒരു മനുഷ്യൻ മോശപെട്ട കൂട്ടുകെട്ടുകളിലൂടെ ജീവിക്കുമ്പോൾ അവനിൽ രൂപപെടുന്ന അറിവുകളിൽ അവൻ്റെ പ്രവർത്തനങ്ങൾ പ്രതിഫലിക്കുന്നു, അതിനനുസരിച്ചവൻ കുറ്റകൃത്യങ്ങളിൽ ജീവിക്കുന്നു. ഈ ഒരു അവസ്ഥയെ വിശുദ്ധ ഖുർആൻ പറയുന്നത് നഫ്സുൽ അമ്മാറ എന്നാണ്. കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുന്ന മനസ്സ്. നല്ലൊരൂ സാമൂഹികാന്തരീക്ഷത്തിലും അത്തരം മനസ്സുകൾ അന്വേഷിച്ചുകൊണ്ടിരിക്കുക തെറ്റുകൾ ചെയ്യാനായിരിക്കും.

എന്തുകൊണ്ടാവാം ഒരാളെ ഫാസിസം പിടികൂടുന്നത് എന്നും ഒരു സാഹചര്യം ലഭിച്ചാൽ അയാൾ എത്രത്തോളം ക്രൂരനാകുമെന്നും അയാളിൽ കുടിയേറിയ അറിവുകൾക്കനുസരിച്ച് രൂപപെട്ട മനസ്സുകൊണ്ടാണ്, അങ്ങനെയാണ് ഗർഭിണിയുടെ വയറ്റിൽ നിന്ന് ഗർഭസ്ഥ ശിശുവിനെ കുത്തിയെടുക്കാൻ പ്രേരിപ്പിക്കുന്ന മനസ്സ് രൂപപ്പെടുന്നത്. ഒരു സാധാരണക്കാരന് മനസ്സ് താളം തെറ്റാനും ഹൃദയംതകർന്ന് വീഴാനും അത്തരം അക്രമണ കാഴ്ച്ചകൾ മാത്രം മതിയാകും.

മറ്റു ചില മനുഷ്യരുണ്ട്, തെറ്റുകൾ ചെയ്യുകയും ചെയ്തുകഴിഞ്ഞാൽ ചെയ്ത തെറ്റിൽ പശ്ചാതപിക്കുകയും ചെയ്യുന്നവർ. അതായത് ചുറ്റുപാടുകൾക്കനുസരിച്ചും സാഹചര്യങ്ങൾക്കനുസരിച്ചും തെറ്റുകളിൽ വ്യാപൃതരാവുകയും എന്നാൽ അവ ചെയ്തുകഴിഞ്ഞാൽ തൻ്റെ ചെയ്തികളിൽ സ്വയം കുറ്റബോധം തോന്നുകയും ചെയ്യുന്ന മനസ്സ്. അത്തരം മനസ്സുള്ളവരിൽ പ്രവർത്തനങ്ങളിൽ ആത്മ സംതൃപ്തിയുണ്ടാകില്ല. പോരാ എന്നോ ചെയ്തത് ശരിയായില്ല എന്നൊ കുറ്റപെടുത്തികൊണ്ടിരിക്കുന്ന മനസ്സ്. അത്തരം മനസ്സുകളെ കുറിച്ചാണ് ഖുർആൻ നഫ്സുൽ ലവ്വാമ എന്ന് പറയുന്നത്.

എന്നാൽ സമാധാനം കൊണ്ട മനസ്സുണ്ട്. തൻ്റെ അറിവുകളിൽ സംതൃപ്തിയുള്ളവർ, അത്തരം അറിവുകൾക്കനുസരിച്ച് ചിന്തിച്ചുകൊണ്ട് മനസ്സിൽ എല്ലാ അവസ്ഥയിലും സാഹചര്യങ്ങളുലും സംതൃപ്തി നില നിർത്തുന്നവർ. മനസ്സമാധാനത്തോടെ ജീവിക്കുന്ന മനുഷ്യർ, എല്ലാം തൻ്റെ രക്ഷിതാവിങ്കൽ സമർപ്പിച്ചവർ, അവരെ കുറിച്ചാണ് തത്മയിന്നൽ ഖുലൂബ്, സംതൃപ്തിയടഞ്ഞ മനസ്സ് എന്നുപറഞ്ഞത്. അത്തരം മനസ്സിൽ ചാഞ്ചാട്ടമുണ്ടാവില്ല, കുറ്റപ്പെടുത്തലുകളുണ്ടാവില്ല, ആദർശാശയങ്ങളിൾ ലവലേശം സംശയം വകയില്ല. ആധുനിക മനഷ്യൻ്റെ പ്രകൃതി എന്താണോ, ആ പ്രകൃതിയോട് ഏറ്റവും അനുഗുണമായതാണ് മനുഷ്യന് നൽകിയിട്ടുള്ള സത്യജ്ഞാനം. (ഖുർആൻ 30:30) അതിലേക്ക് മുഖം തിരിക്കാനാണ് സൃഷ്ടാവ് മനുഷ്യരോട് കൽപ്പിക്കുന്നത്. അതല്ലാതെ മെറ്റെന്തുണ്ട് മനുഷ്യ മനസ്സിനെ സമാധാനപെടുത്തുന്നത്?

ഇസ്ലാമിനെ മതമായും വിശുദ്ധ ഖുർആനും പ്രവാചക മാതൃകയും പൂർണ്ണ മനസ്സോടെ അംഗീകരിച്ച ആദർശത്തിലുറച്ച മനസ്സാണത്. ഇഹലോകത്തും മരണ സമയത്തും പരലോകത്തും ആ മനസ്സിന് സമാധാനമായിരിക്കും. അവരോടാണ് പറഞ്ഞത്, “അല്ലയോ ശാന്തി നേടിയ ആത്മാവെ, നീ നിൻ്റെ നാഥങ്കലിലേക്ക് തൃപ്തിപെടവനായും തൃപ്തിനേടിയവനായും തിരിച്ചു ചെല്ലുക.“



Sunday, April 12, 2009

കർമ്മം

വിശ്വസിച്ചത് മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുക എന്നതാണ് ഏതൊരു വിശ്വാസിയുടെയും അതിപ്രധാനമായ ജോലി. നിങ്ങൾ പ്രവർത്തിക്കാത്തത് പറയരുത് എന്ന് ദൈവം നമ്മോട് പറയുന്നു. നമുക്ക് ചെയ്യാൻ കഴിയുന്ന ജോലിയെ ദൈവം നമ്മോട് ചെയ്യാനാവശ്യപ്പെടുന്നുള്ളു. ആയതിനാൽ നാം നമ്മുടെ കർമ്മങ്ങൾ ശരിയാം വണ്ണം നിർവഹിച്ചതിന് ശേഷം മറ്റുള്ളവരിലേക്ക് ദഅവത്ത് എത്തിക്കണം. ചെയ്യാൻ കഴിയാത്ത വിശ്വാസ കർമ്മങ്ങൾ നിർവഹിക്കാനാണോ ഞങ്ങളെ ക്ഷണിക്കുന്നതെന്ന് ആരും ചോദിക്കാതിരിക്കണമെങ്കിൽ നാം നമ്മൾ വിശ്വസിച്ചത് ജീവിതത്തിൽ പകർത്തികാണിച്ച് കൊടുക്കണം. അതിന് നാം നമ്മുടെ മുഖം എപ്പോഴും ക്ലീനായി, മിനുക്കി കൊണ്ട് നടക്കണം. സ്വന്തം മുഖം ഇഷ്‌ടപെടാത്ത ആരെങ്കിലും ഈ ലോകത്തുണ്ടൊ? ഇല്ല. ആരെങ്കിലും നമ്മളടങ്ങിയ ഒരു ഗ്രൂപ്പ് ഫോട്ടൊ എടുത്താൽ, അതിൽ നാം ആദ്യം നോക്കുക നമ്മുടെ ഫോട്ടോയിലേക്കാണ്. നമ്മുടെ ഫോട്ടോ നാം ഉദ്ദേശിച്ചരീതിയിലല്ല വന്നതെങ്കിൽ ഫോട്ടൊ നന്നായില്ലെന്ന് മാത്രമല്ല ഫോട്ടൊ എടുക്കാനറിയില്ലെന്ന് ഫോട്ടൊ എടുത്ത ആളെ പറ്റിയും പറയും. ഇനി നമ്മുടെ ഫോട്ടൊ നന്നായിവന്നാൽ മറ്റുള്ളവരുടെത് നന്നായിട്ടിലെങ്കിലും അത്ര സീരിയസായി നാം കാണില്ല. അപ്പോൾ നാം നമ്മുടെ മുഖത്തെ വല്ലാതെ ഇഷ്ടപെടുന്നു. അത് നന്നായി വൃത്തിയിൽ കൊണ്ട് നടക്കുക. മറ്റുള്ളവർ നമ്മുടെ മുഖം കണ്ട് കുറ്റം പറയരുത്. നമ്മുടെ മുഖം അത് കാണേണ്ട സ്ഥലങ്ങളിലെ കാണാൻ പാടുള്ളു. അതായത് മുഖം എന്നത് ഒരു ഐഡന്റിറ്റിയാണ്. അതിനാൽ നാം നമ്മുടെ മുഖത്തെ വേണ്ടരീതിയിൽ സൂക്ഷിച്ച് കറകളും വൃത്തികേടുകളും പറ്റാതെ മതമെന്ന ഫ്രെയിമിൽ സൂക്ഷികേണ്ടതുണ്ട്. എന്നാൽ നമ്മെ ജനങ്ങൾ ആട്ടിവിടില്ല. പറയാനുള്ള സ്വാതന്ത്യം നമുക്ക് കിട്ടും. എന്താണ് പറയേണ്ടത്? ദൈവിക ഗ്രന്ഥത്തിലുള്ളതു പ്രവാചകൻ വിശദീകരിച്ച് തന്നത് പോലെ, നമ്മുടെ മാതൃക പ്രവാചകനാണ്. അതിനാൽ നാം എന്താണ് വിശുദ്ധ ഗ്രന്ഥത്തിലും പ്രവാചക ചര്യയിലുമുള്ളതെന്ന് പഠിക്കണം. മതത്തെ ശരിയാം വിധം പഠിച്ച് നാം അതിന്റെ സ്രോതസ്സുകളാവണം. വാട്ടർ ടാങ്കുകളെപോലെ ആർക്കും വെള്ളം എപ്പോഴും കൊണ്ട് പോകാൻ കഴിയും വിധം നാം നമ്മുടെ അറിവ് വളർത്തിയെടുക്കണം. കുറച്ച് പേർവന്ന് കൊണ്ട് പോയാൽ തീരുന്നതാവരുത് നമ്മുടെ അറിവ്. കൂടുതൽ ആളുകൾ വന്നാലും സ്രോതസ്സ് കുറയരുത്. അങ്ങിനെ ആയാൽ നമ്മുടെ ദഅവത്ത് ഫലപ്രദമാവും. നാലല്ല നാല്പതാളുകൾ വന്ന് ചോദിച്ചാലും തന്റേടത്തോടെ ധൈര്യത്തോടെ പറയണമെങ്കിൽ നമ്മുടെ അടുക്കൽ അറിവെന്ന ആയുധം വേണം. അറിവ് നേടുക എന്നത് ഒരോ മുസ്ലിമിന്റെയും കടമയാണ്. അത് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുക എന്നത് ബാധ്യതയും.

- മൈപ് -
____________________________________